
ദുബായ്: കൊച്ചി സ്മാര്‍ട്സിറ്റി കമ്പനിയുടെ 48-ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്നു ദുബായില്‍ നടക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ അവലോകനമാണ് പ്രധാന അജണ്ട. മൂന്നാം ഘട്ടത്തിന്റെ ആസൂത്രണവും ആഗോള വിപണന തന്ത്രവും യോഗം വിലയിരുത്തും.
അതേസമയം, ആദ്യ ഐ.ടി ടവറില്‍ നാലു പ്രമുഖ ഐ.ടി കമ്പനികള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. അമേരിക്ക ആസ്ഥാനമായി 90ലേറെ രാജ്യങ്ങളില്‍ ഓയില്‍ ഫീല്‍ഡ് സേവനരംഗത്തു പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായ ബേക്കര്‍ ഹ്യൂഗ്സ്, ആഗോള ഏവിയേഷന്‍ മേഖലയ്ക്ക് ഐ.ടി സൊലൂഷന്‍സ് നല്കുന്ന ഐ.ബി.എസ്, പ്രമുഖ അന്താരാഷ്ട്ര റീടെയ്ല്‍ സ്ഥാപനങ്ങള്‍ക്കു സങ്കീര്‍ണങ്ങളായ ഐ.ടി, എന്‍ജിനിയറിംഗ് ആപ്ലിക്കേഷനുകള്‍ നല്കുന്ന ലിറ്റ്മസ്7, ജെനോമിക്സ് ഗവേഷണരംഗത്തെ അഗ്രിജെനോം എന്നിവയാണ് ഈ കമ്പനികള്‍.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൊത്തം 55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ സാന്‍ഡ്സ് ഇന്ഫ്രാബില്ഡിന്റെയും ഹോളിഡേ ഗ്രൂപ്പിന്റെയും ടവറുകളുടെ നിര്‍മാണം ഈയിടെ തുടങ്ങിയിരുന്നു. ഇതിന്റെ പുരോഗതിയില്‍ വൈസ് ചെയര്മാന് ജാബിര്‍ ബിന്‍ ഹാഫിസ് സംതൃപ്തി രേഖപ്പെടുത്തി.