കല്‍പ്പറ്റ: കുറുക്കന്‍ മൂലക്ക് ഒരു വാറുണ്ണിയെ വേണം. മൃഗയ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമില്ലേ. വേട്ടക്കാരന്‍ വാറുണ്ണി. അതേ, അതുപോലൊരാളെക്കിട്ടിയാലേ കാടിറങ്ങി വന്ന കടുവയെ പിടികൂടാന്‍ ഈ നാടിനാവൂ. അവിടെ പുലിയാണെങ്കില്‍ ഇവിടെ കടുവ എന്ന വ്യത്യാസമേയുള്ളൂ. ആ സിനിമയിലേതുപോലെതന്നെയാണ് ജനങ്ങളുടെ ഭീതിതമായ ജീവിതം. രാത്രി പുലരുംവരേ പേടിച്ചുവിറച്ചു കഴിയണം. സന്ധ്യയായാല്‍ പുറത്തിറങ്ങാനാകാതെ പേടിച്ചു വിറച്ചിരിക്കണം. അതിനിടെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകപോലുമുണ്ടായി.
കടുവ സമീപത്തുതന്നെയുണ്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
പയമ്പള്ളി പുതിയടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. വന്യജീവി സങ്കേതത്തില്‍ നിന്ന് കൊണ്ടുവന്ന രണ്ട് കുങ്കിയാനകളും തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. കുറുക്കന്‍മൂല പാല്‍വെളിച്ചം വനമേഖലയില്‍ വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞത്.
ഈ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍, കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേയ് തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇപ്പോള്‍ പുതിയടത്ത് ട്രാക്കിംഗ് ടീം പരിശോധന നടത്തുകയാണ്. ഒമ്പത് മുതല്‍ വ്യാപക തെരച്ചില്‍ തുടങ്ങും. 180 വനം വകുപ്പ് ജീവനക്കാരും 30 പൊലിസുകാരും സംഘത്തിലുണ്ട്. വനം വകുപ്പ് 30 പേരടങ്ങുന്ന ആറു സംഘങ്ങളെ നിയോഗിക്കും.
അതേസമയം, കടുവയെ കണ്ടെത്താന്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസാണ് കുറുക്കന്മൂലയിലെത്തുക. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള വനം വകുപ്പിലെ ആറ് സംഘങ്ങള്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
Comments are closed for this post.