2023 January 29 Sunday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ഉറങ്ങിക്കോളൂ.. ഡ്രൈവിങ്ങിനിടയില്‍ വേണ്ട..

ഉറക്കം ഉറങ്ങിതീര്‍ക്കണമെന്നാണ് പഴമൊഴി. അത് അങ്ങനെ തന്നെ ചെയ്തില്ലെങ്കില്‍ ശരീരം ചിലപ്പോള്‍ തിരിച്ചു പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് പറയാന്‍ പറ്റില്ല. ഞാന്‍ മികച്ച ഡ്രൈവര്‍ ആണ് എന്നു പറഞ്ഞാലും ഉറക്കം വന്നാല്‍ ഡ്രൈവിങ്ങിന് വിശ്രമം നല്‍കുന്നതാണ് ഏറ്റവും ഉത്തമം. ഇല്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ പിന്നീട് ഉണര്‍ന്നുവെന്ന് വരില്ല. അതിനാല്‍ ഡ്രൈവിങ്ങിനിടെ ഉറക്കം വരുകയാണെങ്കില്‍ അമിത ആത്മവിശ്വാസം വേണ്ട.. ഉറങ്ങുക.

 

ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിങ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കാന്‍ അനുവദിക്കുക.

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഒരേ നിരക്കില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കാന്‍ കഴിയുകയുള്ളൂ. ഉറക്കത്തിലേക്ക് പോകുന്നുവെന്ന് ശരീരം സൂചന തരുകയാണെങ്കില്‍ അതിനെ അവഗണിക്കരുത്.

1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക
2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്‌ക്കേണ്ടി വരിക

3. ഡ്രൈവിങില്‍ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും. ഈ സൂചനകള്‍ അവഗണിച്ച് വാഹനം ഓടിച്ചാല്‍ അപകടത്തിന് സാധ്യതയേറുന്നു. അതിനാല്‍  ഈ ലക്ഷണങ്ങളൊക്കെ തോന്നിയാല്‍ ഡ്രൈവിങ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം.

നമ്മളെല്ലാം യാത്രകളെല്ലാം ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ച് ദൂരയാത്രകള്‍. ഇത്തരം യാത്രകള്‍ പോവുമ്പോഴും ഡ്രൈവിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഇവിടെയും ഉറക്കത്തിനും ശരീരത്തിന്റെ വിശ്രമത്തിനും പ്രാധാന്യം കൊടുക്കണം.

ദൂരയാത്രക്ക് ഇറങ്ങും മുമ്പ് ഉറക്കത്തെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മിക്കുക

1. ദൂരയാത്രാ ഡ്രൈവിങ്ങിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിങ്ങിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക

3. ഡ്രൈവിങ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5.ഡ്രൈവിങ്ങില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

6. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.

(കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് ഒരു പരിധിവരെ മാത്രമേ ഉറക്കത്തെ അകറ്റാന്‍ കഴിയൂ. അതിനാല്‍ തീര്‍ച്ചയായും ഉറക്കം വരുന്നുവെങ്കില്‍ ഡ്രൈവിങ് തുടരാതിരിക്കുക)

 

അമിത ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുകയും. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുക. നിങ്ങള്‍ക്ക് വേണ്ടി വീടുകളില്‍ കാത്തിരിക്കുന്നവരെ കുറിച്ച് ആലോചിച്ചാല്‍ നിങ്ങളുടെ കാലുകള്‍ ആക്‌സിലേറ്ററില്‍ അധികം അമരില്ല.. ഓര്‍ക്കുക ഓരോ ജീവനും വിലപ്പെട്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News