2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞെങ്കില്‍ 6000 രൂപ; മുന്‍കാല പ്രാബല്യത്തോടെ കേരളത്തിലും

രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞെങ്കില്‍ 6000 രൂപ; മുന്‍കാല പ്രാബല്യത്തോടെ കേരളത്തിലും

തിരുവനന്തപുരം: രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ അമ്മയ്ക്ക് 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന കേരളത്തിലും നടപ്പാക്കും. മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് സംസ്ഥാന വനിതാ-ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനാണ് കേന്ദ്രം പദ്ധതി ആരംഭിച്ചത്.

2022 ഏപ്രില്‍ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടിക്കു ജന്മം നല്‍കിയ അമ്മയ്ക്ക് ജൂണ്‍ 30 വരെ ധനസഹായത്തിന് അപേക്ഷിക്കാം എന്ന് സംസ്ഥാന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. രണ്ടാമത്തെ പ്രസവം നടക്കാനിരിക്കുന്നവരും സഹായം ആവശ്യമുണ്ടെങ്കില്‍ അതത് അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്യണം.

pmmvy.nic.in എന്ന പുതിയ പോര്‍ട്ടലില്‍ നേരിട്ടും അപേക്ഷ നല്‍കാം. ഈ പോര്‍ട്ടല്‍ താമസിയാതെ തന്നെ പ്രവര്‍ത്തനസജ്ജമാകും. അതേസമയം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ക്കും സമാനമായ രീതിയില്‍ പ്രസവാനുകൂല്യം ലഭിക്കുന്നവര്‍ക്കും ഈ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യത്തിന് അര്‍ഹരല്ല. 2013 ലെ ഭക്ഷ്യസുരക്ഷ ബില്ലുമായി ബന്ധപ്പെട്ടാണ് ‘പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന’ പദ്ധതി ആവിഷ്‌കരിച്ചത്.

ആദ്യത്തെ കുട്ടിയുടെ ജനനത്തിനു മുന്‍പും ശേഷവും സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിന് വേണ്ടി വേതന നഷ്ടത്തിന്റെ ഒരു ഭാഗം സാമ്പത്തിക സഹായമായി നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗര്‍ഭിണികള്‍ ആയവരും മുലയൂട്ടുന്നവരും ആയവരുടെ ആരോഗ്യ പരിപാലനത്തിനാണ് സാമ്പത്തിക സഹായം നല്‍കി വരുന്നത്. 01/01/2017 നോ അതിനു ശേഷമോ ആദ്യ ശിശുവിനെ ധരിക്കുകയോ മുലയൂട്ടുകയോ ചെയ്യുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരം ആദ്യപ്രസവത്തിന് അത് ആണായാലും പെണ്ണായാലും സ്ത്രീകള്‍ക്ക് 5000 രൂപ മൂന്ന് ഗഡുക്കളായി നല്‍കി വരുന്നുണ്ട്.

six-thousand-rupees-for-mother-if-girl-child-born-in-second-delivery


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.