2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശത്ത് പഠനം; ഏജന്‍സികളെ കണ്ണുമടച്ച് വിശ്വസിക്കണ്ട; വിമാനം കയറുന്നതിന് മുമ്പ് ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

വിദേശത്ത് പഠനം; ഏജന്‍സികളെ കണ്ണുമടച്ച് വിശ്വസിക്കണ്ട; വിമാനം കയറുന്നതിന് മുമ്പ് ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

കേരളത്തില്‍ നിന്നടക്കം വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി കടല്‍ കടക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉണ്ടായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ജൂണ്‍ 30 വരെ 3.3 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രാജ്യം വിട്ടെന്നാണ് വ്യക്തമാക്കുന്നത്. ഓരോ വര്‍ഷം കൂടുമ്പോഴും വിദേശത്തേക്ക് കടക്കുന്ന യുവാക്കളുടെ എണ്ണം കൂടി വരികയാണ്. 2022 ല്‍ മാത്രം ഏഴ് ലക്ഷം വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയെന്നാണ് കണക്ക്. ഇവരില്‍ പലരും മുന്‍നിര കോളജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുകയും മെച്ചപ്പെട്ട ജോലികള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വിദേശ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങളും ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നാം മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. വമ്പിച്ച ശമ്പളമുള്ള ജോലി വാങ്ങിതരാം, പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് നേടാം, സ്ഥിര താമസം തുടങ്ങിയ വാഗ്ദാനവുമായാണ് തട്ടിപ്പ് സംഘങ്ങള്‍ ആളെ പിടിക്കാന്‍ ഇറങ്ങുന്നത്. ഇത്തരം തട്ടിപ്പിനിരയായ നിരവധി യുവാക്കളുടെ വാര്‍ത്തയും നാം ഇതിനിടെ വായിച്ചിരുന്നു. അതുകൊണ്ട് തന്നെ വിദേശത്തേക്ക് പഠനത്തിനായി പോകുന്നവര്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതുണ്ട്.

വാഗ്ദാനങ്ങളെ വീഴല്ലേ..
എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്‍സികളും, വിദ്യാഭ്യാസ വിദഗ്ദരുമെന്ന പേരില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കുട്ടികളെയും രക്ഷിതാക്കളെയും വലയിലാക്കുന്ന ഏജന്‍സികള്‍ ഇന്ന് വ്യാപകമാണ്. ഇത്തരക്കാരെ കരുതിയിരിക്കണം. ‘യു.കെയില്‍ സെറ്റില്‍ ചെയ്യാം, കുറഞ്ഞ ചെലവില്‍ യു.എസില്‍ പഠിക്കാം’ തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇത്തരക്കാര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ഇവരില്‍ പലരും ഇത്തരം രാജ്യങ്ങളിലെ പഠന രീതികളെക്കുറിച്ചോ, ഫീസുകളെ കുറിച്ചോ, വിസ നടപടികളെ കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ നല്‍കാറില്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ വാഗ്ദാനങ്ങള്‍ നമുക്ക് മറക്കാം. യാഥാര്‍ത്ഥ്യം കണ്ടെത്താം.

സര്‍ട്ടിഫിക്കറ്റുകള്‍ കരുതാം
സ്വകാര്യ വിവരങ്ങളായ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുമ്പോള്‍ എല്ലായിപ്പോഴും മുന്‍ കരുതല്‍ എടുക്കുന്നത് നല്ലതാണ്. വളരെ എളുപ്പത്തില്‍ ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. പല കമ്പനികളും വിദേശത്ത് പോകുന്നവര്‍ക്കായി കൃത്രിമ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കാറുണ്ട്. ഇങ്ങനെ ചതിയില്‍ പെടുന്നവര്‍ വിദേശത്ത് വെച്ച് പിടിക്കപ്പെട്ടാല്‍ വലിയ നിയമ നടപടികള്‍ക്ക് പാത്രമാവും. അതുകൊണ്ട് തന്നെ സ്വന്തം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുകയും അവ കരുതുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

പോക്കറ്റ് സൂക്ഷിക്കുക

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇരയാവുന്നത് സാമ്പത്തിക തട്ടിപ്പിനാണ്. വിദേശത്ത് പഠനം ആഗ്രഹിക്കുന്നവരുടെ അജ്ഞത മുതലെടുത്ത് അപേക്ഷ ഫീസ്, അഡ്മിഷന്‍ ഫീസ്, കുറഞ്ഞ ചെലവില്‍ താമസം ശരിയാക്കാം, പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി തരാം, വിസ ഫീസ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരക്കാര്‍ പണം ആവശ്യപ്പെടും. കാര്യത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ നില്‍ക്കാതെ പലരും പണം കൊടുക്കുകയും പിന്നീട് ഖേദിക്കുകയും ചെയ്യേണ്ടി വരുന്ന എത്ര വാര്‍ത്തകളാണ് നാം ദിനേന കേള്‍ക്കുന്നത്.

ഏജന്‍സികളെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിശ്വാസ്യത
നിങ്ങള്‍ സമീപിക്കുന്ന ഏജന്‍സികളുടെ വിശ്വാസ്യത എല്ലായിപ്പോഴും ഉറപ്പ് വരുത്തേണ്ടതുണ്ട്. എത്ര കാലമായി ഏജന്‍സി പ്രവര്‍ത്തിക്കുന്നു, എത്ര കുട്ടികളെ ഇവര്‍ വിദേശത്ത് എത്തിച്ചിട്ടുണ്ട്, അവരുടെ അഭിപ്രായം എന്നിവ നിങ്ങള്‍ അന്വേഷിക്കണം. ഓണ്‍ലൈനായി തന്നെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്ഥാപനത്തിന്റെ ക്രഡിബിലിറ്റി പരിശോധിക്കാവുന്നതാണ്.

കൗണ്‍സിലറുടെ യോഗ്യത
ഏജന്‍സികളില്‍ ജോലിയെടുക്കുന്ന കൗണ്‍സിലര്‍മാരുടെ മോഹന വാഗ്ദാനങ്ങളെ നിങ്ങള്‍ കണ്ണടച്ച് വിശ്വസിക്കാന്‍ നില്‍ക്കരുത്. അവരുടെ വാക്ചാരുതക്ക് മുന്നില്‍ വീണ് പോയി സ്വന്തം മക്കളുടെ ഭാവിയാണ് തുലാസിലാവുന്നതെന്ന് രക്ഷിതാക്കളും കരുതേണ്ടതുണ്ട്. പകരം കൗണ്‍സിലര്‍മാരുടെ യോഗ്യതകളെ കുറിച്ച് വിശദമായി അന്വേഷിക്കുകയാണ് നിങ്ങള്‍ പ്രാഥമികമായി ചെയ്യേണ്ടത്. അയാളുടെ വര്‍ക്ക് എക്‌സ്പീരിയന്‍സ്, ഇതിന് മുമ്പ് അയാളുടെ കീഴില്‍ വിദേശത്ത് പോയവരുടെ വിവരങ്ങള്‍ എന്നിവ മനസിലാക്കി സുരക്ഷിതമായി ഓരോ ചുവടും മുന്നോട്ട് വെക്കുക.

കോളജുകളെക്കുറിച്ച് കൃത്യമായി മനസിലാക്കുക

ഏത് കോളജാണോ നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് അത് സ്ഥിതി ചെയ്യുന്ന രാജ്യത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കോളജിനെ കുറിച്ച് ഏജന്‍സി തന്ന വിവരമല്ല മറിച്ച് നിങ്ങളുടേതായ അന്വേഷണം നടത്തുക. കോളജുകള്‍ അതാത് രാജ്യത്തെ സര്‍ക്കാര്‍ അംഗീകൃതമാണോ എന്ന് പരിശോധിക്കുക. അതോടൊപ്പം അവ െൈപ്രവറ്റ് സ്ഥാപനമാണോ, അതോ ഗവണ്‍മെന്റോ, അതുമല്ലെങ്കില്‍ എയ്ഡഡ് ആണോ എന്നൊക്കെ ആദ്യം തന്നെ മനസിലാക്കേണ്ടതുണ്ട്. അവിടെ മുമ്പ് പഠിച്ച വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നൊക്കെ കിട്ടാവുന്ന പരമാവധി വിവരങ്ങള്‍ ശേഖരിക്കല്‍ നിര്‍ബന്ധമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.