2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

സീതാറാം യെച്ചൂരിക്കായി ശബ്ദിച്ചതു പോലെ


വംശഹത്യാക്കേസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരേ ഡല്‍ഹി പൊലിസ് പ്രേരണാക്കുറ്റം ചുമത്തിയത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്. യെച്ചൂരിക്കെതിരേ കള്ളക്കേസ് ചുമത്തിയത് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായ പ്രതിഷേധങ്ങളും നടക്കുകയുണ്ടായി. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം എം.പി കെ.കെ രാഗേഷ് രാജ്യസഭയില്‍ നോട്ടിസ് നല്‍കുകയുമുണ്ടായി. ചട്ടം 27 പ്രകാരമാണ് നോട്ടിസ് നല്‍കിയത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും എം.പിമാരും യെച്ചൂരിക്കെതിരായ പകപോക്കലിനെതിരേ പ്രതിഷേധ പ്രസ്താവനകളും ഇറക്കി. എല്ലാം സ്വാഗതാര്‍ഹം തന്നെ.

ഇതേത്തുടര്‍ന്നായിരിക്കണം യെച്ചൂരിക്കെതിരേ പ്രേരണാക്കുറ്റം ചുമത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട് ഡല്‍ഹി പൊലിസും രംഗത്തുവന്നിട്ടുണ്ടാവുക. കുറ്റാരോപിതരായ വ്യക്തികള്‍ നല്‍കിയ മൊഴി രേഖപ്പെടുത്തുക മാത്രമാണ് യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരേ ഉണ്ടായതെന്നാണ് പൊലിസിന്റെ ഇപ്പോഴത്തെ ഭാഷ്യം. ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്നേയുള്ളൂ. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്താനാകില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാകൂ എന്നൊക്കെയാണ് പൊലിസ് ഇപ്പോള്‍ പറയുന്നത്. രാജ്യത്തെ നീതിന്യായവ്യവസ്ഥയെ നിരന്തരം ലംഘിക്കുന്ന നടപടികളാണ് ഡല്‍ഹി പൊലിസില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ചോദ്യംചെയ്യാന്‍ വിളിച്ച ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. യെച്ചൂരിക്ക് നേരെ ചുമത്തിയ പ്രേരണാക്കുറ്റവും ഉമര്‍ ഖാലിദിനെതിരേ ചുമത്തിയ ഗൂഢാലോചനാക്കുറ്റവും തമ്മില്‍ വലിയ വ്യത്യാസമില്ല. യെച്ചൂരിക്കെതിരായ പ്രേരണാക്കുറ്റത്തിനെതിരേയുണ്ടായ പ്രതിഷേധം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും പാര്‍ലമെന്റില്‍ വിഷയം ഉയര്‍ന്നുവരികയും ചെയ്തു. അപ്പോഴാണ് ഡല്‍ഹി പൊലിസ് മയപ്പെട്ടത്. ഉമര്‍ ഖാലിദിനെ ചോദ്യം ചെയ്യാനാണ് കഴിഞ്ഞ ഞായറാഴ്ച പൊലിസ് വിളിപ്പിച്ചത്. എന്നാല്‍, അദ്ദേഹത്തെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു ഡല്‍ഹി പൊലിസ്.

അഡിഷനല്‍ ജഡ്ജി അമിതാബ് റാവത്തിന്റെ മുന്‍പാകെ വിഡിയോ കോണ്‍ഫറന്‍സിലൂടെ തിങ്കളാഴ്ച ഹാജരാക്കിയ ഉമര്‍ ഖാലിദിനെ പത്തു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു. കെട്ടിച്ചമച്ച കുറ്റാരോപണങ്ങളുടെ പേരില്‍ ഉമര്‍ഖാലിദ് തുറങ്കിലടയ്ക്കപ്പെട്ടപ്പോള്‍ ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും മാത്രമേ ശബ്ദമുയര്‍ത്താനുണ്ടായിരുന്നുള്ളൂ. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്.

അധികാരത്തിന്റെ മരുപ്പച്ച തേടിയുള്ള പോരാട്ടം മാത്രമല്ല യഥാര്‍ഥ രാഷ്ട്രീയപ്രവര്‍ത്തനം. ഏകാധിപത്യത്തിനും സമഗ്രാധിപത്യത്തിനുമെതിരേ ഭരണഘടനയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന ജീവന്മരണ പോരാട്ടവും കൂടിയാണ് യഥാര്‍ഥ സര്‍ഗാത്മക രാഷ്ട്രീയം. ഇവിടെ ജനാധിപത്യവും നിയമവാഴ്ചയും ഭരണഘടനയുമാണ് അട്ടിമറിക്കപ്പെടുന്നത്. അതിന്റെ പ്രത്യക്ഷ തെളിവാണ് ഉമര്‍ ഖാലിദിനെതിരേ യു.എ.പി.എ ചുമത്തിക്കൊണ്ടുള്ള അറസ്റ്റ്. പൊള്ളുന്ന ഈ യാഥാര്‍ഥ്യത്തിലേക്കാണ് ഉമര്‍ ഖാലിദിന്റെ അറസ്റ്റിനെ പരാമര്‍ശിച്ചുകൊണ്ട് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിരല്‍ചൂണ്ടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നത് നമ്മുടെ രാജ്യത്ത് ഔദ്യോഗിക കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷ ഘോഷിന്റെ വാക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഈ മനുഷ്യവേട്ടക്കെതിരേ ഇപ്പോള്‍ നമ്മള്‍ രംഗത്തിറങ്ങിയില്ലെങ്കില്‍ വരുംനാളുകളില്‍ ലജ്ജിക്കേണ്ടിവരുമെന്ന് ആക്ടിവിസ്റ്റ് പ്രകാശ് രാജും പറയുമ്പോള്‍ മുഖ്യധാരാ രാഷ്ടീയപ്പാര്‍ട്ടി നേതാക്കളുടെ പ്രതിഷേധ സ്വരങ്ങളില്‍ ഉമര്‍ ഖാലിദിനെപ്പോലുള്ളവര്‍ക്കെതിരേ നടക്കുന്ന മനുഷ്യവേട്ട ഇടംപിടിക്കുന്നില്ല. മുഖ്യധാരാ രാഷ്ടീയപ്പാര്‍ട്ടികള്‍ ഇത്തരം ചെറുത്തുനില്‍പ്പുകളോട് ഐക്യപ്പെടാത്തത് ഫാസിസത്തിനു കടന്നുവരാനുള്ള വഴി എളുപ്പമാക്കും.

വംശഹത്യയുമായി ബന്ധപ്പെട്ട് ഷോര്‍ട്ട്ഫിലിം നിര്‍മാതാവ് രാഹുല്‍ റോയ്ക്കും ഡോക്യുമെന്ററി നിര്‍മാതാവ് സബാ ദിവാനും ഡല്‍ഹി പൊലിസിന്റെ സമന്‍സ് വന്നതും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വിഷയമാകുന്നില്ല. ഉമര്‍ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇവര്‍ക്കെതിരേ ഡല്‍ഹി സ്‌പെഷല്‍ പൊലിസ് സമന്‍സ് അയച്ചിരിക്കുന്നത്. നാളെ ഇവരും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.

കേന്ദ്രഭരണം ലക്ഷണമൊത്ത ഫാസിസ്റ്റ് ശൈലിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം പ്രതിഷേധ സ്വരങ്ങള്‍ക്ക് കരുത്തുപകരേണ്ട ബാധ്യത മുഖ്യധാരാ രാഷ്ടീയപ്പാര്‍ട്ടികള്‍ക്കുണ്ട്. ലോകത്ത് കൊവിഡ് ബാധിക്കുന്നവരില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുമ്പോഴും അതിനെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ട കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ഉദാസീന മനോഭാവമാണ് കൈക്കൊള്ളുന്നത്. എന്നാല്‍, കൊവിഡിന്റെ മറവില്‍ ഷഹീന്‍ബാഗ് സമരത്തിന് നേതൃത്വം നല്‍കിയവരെയും പിന്തുണച്ചവരെയും തിരഞ്ഞുപിടിച്ച് കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയാണ്.
മഹാമാരിയില്‍ രാജ്യം നശിച്ചാലും വേണ്ടിയില്ല, ഫാസിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പുകളെ രാജ്യദ്രോഹ പട്ടികയില്‍പ്പെടുത്തി പരാജയപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് തോന്നിപ്പിക്കുന്നതാണ് പൊലിസ് നടപടികള്‍. ഈ സ്ഥിതിവിശേഷത്തെ നേരിടാന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തിയ പോരാട്ടം പോലെ മറ്റൊന്ന് വേണ്ടിവരും. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ ഘോര വിപത്തിനെതിരേ പുലര്‍ത്തുന്ന നിസംഗത അതിലേക്കായിരിക്കും കാര്യങ്ങള്‍ എത്തിക്കുക. അതിന് ഇടനല്‍കാതെ ഭരണകൂടം രാജ്യത്ത് നടത്തുന്ന ഭരണഘടനാവിരുദ്ധ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പോരാടുന്ന സംഘടനകള്‍ക്ക് ക്രിയാത്മക നേതൃത്വം നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവരണം. സീതാറാം യെച്ചൂരിക്ക് വേണ്ടി ശബ്ദിച്ചതു പോലെ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.