ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചുദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു . മാര്‍ച്ച് നാല് വരെ സിബിഐക്ക് സിസോദിയെ കസ്റ്റഡിയില്‍ വെക്കാം. കഴിഞ്ഞ ദിവസം ഡല്‍ഹി സിബിഐ ആസ്ഥാനത്ത് എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.
സിബിഐ കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ഈയിടെ അറസ്റ്റിലായവരില്‍നിന്നും ലഭിച്ച ഇലക്ട്രോണിക് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യലും അറസ്റ്റും. മദ്യനയവുമായി ബന്ധപ്പെട്ടും ദിനേഷ് അറോറ ഉള്‍പ്പെടെ എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടുള്ളവരുമായി സിസോദിയയ്ക്കുള്ള ബന്ധത്തെ കുറിച്ചു സിബിഐ ചോദ്യങ്ങള്‍ ഉന്നയിച്ചു.
എന്നാല്‍ സിസോദിയയുടെ മറുപടിയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ തൃപ്തരായിരുന്നില്ലെന്നും ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നുമാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അറസ്റ്റ് ചെയ്യപ്പെടുമെന്നും തയാറായി നില്‍ക്കാനും പാര്‍ട്ടിപ്രവര്‍ത്തകരോട് സിസോദിയ നേരത്തെ പറഞ്ഞിരുന്നു. രാജ്ഘട്ടില്‍ പോയി പ്രാര്‍ഥിച്ചശേഷമാണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. സിസോദിയയുടെ വസതിക്കു മുന്‍പില്‍ മുതല്‍ സിബിഐ ആസ്ഥാനം വരെ ഡല്‍ഹി പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Comments are closed for this post.