
തിരുവനന്തപുരം : സില്‍വര്‍ ലൈനില്‍ നടപടികള്‍ മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടര്‍ നടപടി. റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് ഉത്തരവിറക്കിയത്.
ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും കേരളാ റെയില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് എംഡിക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. 11 ജില്ലകളിലായി ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരോടാണ് മടങ്ങിവരാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചന നല്കി രണ്ടുമാസം മുന്‍പാണ് ഇവരുടെ കാലാവധി നീട്ടി നല്‍കിയത്. റവന്യൂവകുപ്പിലെ മറ്റ് പദ്ധതികള്‍ക്കായി ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും.
വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി ഇതുവരെ ലഭിക്കാതിരുന്നിട്ടും സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നത് പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകുന്നതിന്റെ സൂചനയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാട് തന്നെയായിരുന്നു കഴിഞ്ഞദിവസം സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.
Comments are closed for this post.