2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സില്‍വര്‍ ൈലന്‍: കലക്ടര്‍മാരെ ഇറക്കി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗവും സമരനേതാക്കളുടെ യോഗവും വിളിക്കും

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: സില്‍വര്‍ ൈലനിന് കല്ലിടുന്നതിനെച്ചൊല്ലിയുള്ള ജനരോഷം തണുപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാരെ രംഗത്തിറക്കാന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ കലക്ടര്‍മാരുടെ യോഗം അടുത്തയാഴ്ച വിളിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതിഷേധമുള്ള സ്ഥലങ്ങളില്‍ നേരിട്ടിറങ്ങി ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കലക്ടര്‍മാരെ രംഗത്തിറക്കുന്നത്. കൂടാതെ സര്‍വകക്ഷി യോഗവും സമര നേതാക്കളുടെ യോഗവും വിളിച്ച് പദ്ധതി സംബന്ധിച്ച് വിശദീകരിക്കും.

കല്ലിടുന്നത് സാമൂഹ്യാഘാത പഠനത്തിനാണെന്നും അതിന്റെ റിപ്പോര്‍ട്ടില്‍ ജനാഭിപ്രായം തേടി ആവശ്യമായ ഭേദഗതികള്‍ വരുത്തിയ ശേഷമേ ഭൂമിയേറ്റെടുക്കലിന് വിജ്ഞാപനമിറക്കൂ എന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കൈമാറിയ ശേഷമേ ഭൂമിയേറ്റെടുക്കൂ എന്നും കലക്ടര്‍മാര്‍ ഉറപ്പു നല്‍കും. ബാധിക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്ന് കെ റെയില്‍ കോര്‍പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍മാരെ രംഗത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളെ വിളിച്ചുകൂട്ടി പദ്ധതിയുടെയും ഭൂമിയേറ്റെടുക്കലിന്റെയും പൂര്‍ണവിവരങ്ങള്‍ ധരിപ്പിക്കുന്നതിലൂടെ എതിര്‍പ്പ് കുറയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
കൂടാതെ മന്ത്രിമാരുള്‍പ്പെടെയുള്ള ഇടതുമുന്നണി ജനപ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തി പദ്ധതിയെക്കുറിച്ചും നഷ്ടപരിഹാരത്തെക്കുറിച്ചും വിശദമാക്കും.

\ഒപ്പം ഇടതുമുന്നണി പ്രവര്‍ത്തകരും ബോധവല്‍കരണവുമായി രംഗത്തിറങ്ങും. പ്രതിപക്ഷത്തിന്റെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും വിശദീകരിക്കും. പ്രതിപക്ഷത്തിന്റെ സമരം സര്‍ക്കാരും മുന്നണിയും ഒരുപോലെ പ്രതിരോധിക്കാനാണ് തീരുമാനം. എന്തുവന്നാലും പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പദ്ധതിക്കെതിരായ വ്യാപക പ്രതിഷേധങ്ങളെ മറികടക്കാനുള്ള പ്രചാരണപരിപാടികളുടെ ഭാഗമായി 19ന് തലസ്ഥാനത്ത് ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് ബഹുജനസംഗമം സംഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രമുഖ ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും. ജില്ലാ, പ്രാദേശിക തലങ്ങളിലും തുടര്‍ന്ന് സമാന പരിപാടികളൊരുക്കും. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയപ്രേരിത സമരമാണെന്ന് ബോദ്ധ്യപ്പെടുത്തിയാല്‍ ജനങ്ങളുടെ തെറ്റിദ്ധാരണ മാറുമെന്നും നഷ്ടപരിഹാരം നല്‍കുന്നതടക്കം വിശദീകരിച്ചാല്‍ പ്രതിഷേധിക്കുന്നവര്‍ പിന്മാറുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.