2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

സിൽക്യാര: പിഴവുകൾകൂടി പരിശോധിക്കണംഉത്തരാഖണ്ഡിലെ ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിപ്പോയ 41 തൊഴിലാളികളെ രാജ്യം കണ്ട ഏറ്റവും ശ്രമകരമായ രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചിരിക്കുന്നു. 17 ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ, തുരങ്കത്തിൽ 60 മീറ്ററോളം അടിഞ്ഞുകിടന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഒന്നിനുപിറകെ ഒന്നായി 10 ഇരുമ്പ് കുഴലുകൾ വെൽഡ് ചെയ്തു കടത്തിവിട്ടാണ് തൊഴിലാളികൾക്കു രക്ഷാവഴിയൊരുക്കിയത്. നൂറുകണക്കിന് തൊഴിലാളികൾ രാപ്പകലില്ലാതെ കൊടുംതണുപ്പിനെ വകവയ്ക്കാതെ 408 മണിക്കൂർ പൊരുതിയാണ് ലക്ഷ്യം സാധ്യമാക്കിയത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെയും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളെയും ഒപ്പം പ്രവർത്തിച്ച തൊഴിലാളികളെയും അഭിനന്ദിക്കാതെ വയ്യ.
ബ്രഹ്മഖൽ-യമുനോത്രി ഹൈവേയിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര-ദണ്ഡൽഗാവ് തുരങ്കത്തിൽ ദീപാവലി ദിവസം പുലർച്ചെ 5.30 നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് 41 തൊഴിലാളികൾ കുടുങ്ങിയത്. രണ്ടോ മൂന്നോ ദിവസംകൊണ്ട് തൊഴിലാളികളെ രക്ഷിക്കാമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ദിവസങ്ങൾ കഴിയുന്തോറും രക്ഷാപ്രവർത്തനം കൂടുതൽ ശ്രമകരമായിത്തീരുകയായിരുന്നു. കുടുങ്ങിയ തൊഴിലാളികൾക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നതിന് പൈപ്പ് വഴി സമ്പർക്കം സ്ഥാപിച്ചു. ഇടിഞ്ഞുവീണ മണ്ണ് യന്ത്രത്തിന്റെ സഹായത്തോടെ നീക്കി 800ഉം 900 വും മില്ലീമീറ്റർ വ്യാസമുള്ള സ്റ്റീൽ പൈപ്പുകൾ സ്ഥാപിച്ചു. ഓഗർ യന്ത്രത്തിന്റെ സഹായത്തോടെ അവശിഷ്ടങ്ങൾ തുരന്നു മാറ്റി തൊഴിലാളികൾക്കരികിലേക്ക് എത്താൻ ശ്രമിച്ചു. ഓഗർ പണി മുടക്കിയപ്പോൾ റാറ്റ് ഹോൾ മൈനേഴ്‌സിന്റെ സഹായത്തോടെ തുരക്കൽ പൂർത്തിയാക്കി. ഇടയ്ക്ക് മണ്ണും അവശിഷ്ടങ്ങളും ഇടിഞ്ഞുവീണത് വെല്ലുവിളിയുയർത്തിയെങ്കിലും കഠിന പരിശ്രമത്തിനൊടുവിൽ ദൗത്യം വിജയകരമായി. 41 തൊഴിലാളികളെയും വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഋഷികേശിലെ എയിംസ് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.


ഇനി ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും രക്ഷാദൗത്യം എന്തുകൊണ്ട് ഇത്രത്തോളം നീണ്ടു എന്നതിനെക്കുറിച്ചും വിലയിരുത്തേണ്ട സമയമാണ്. നവംബർ 12ന് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനായത് 28നാണെന്നത് ചെറിയ കാര്യമല്ല. ഇതിലേക്ക് നയിച്ച നിരവധി പിഴവുകൾ കണ്ടെത്താനാവും. തുരങ്കനിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്ന നവയുഗ് എൻജിനീയറിങ് കമ്പനി സുരക്ഷാ കാര്യങ്ങളിൽ വരുത്തിയ വീഴ്ചയാണ് ഇതിൽ പ്രധാനം. തുരങ്കത്തിന്റെ 140 മീറ്റർ ആഴമെന്നത് താരതമ്യേന കുറവാണെങ്കിലും ഉത്തരകാശി ഹിമാലയൻ മേഖലയുടെ മുകൾത്തട്ടിലാണ് സ്ഥിതി ചെയ്യുന്നതെന്നും മെയിൻ സെൻട്രൽ ട്രസ്റ്റിന് സമീപമാണെന്നതും പ്രധാനമാണ്. വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്കുവരെ ഹിമാലയൻ രേഖയിൽ 2,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ പെനിൻസുലാർ പ്ലേറ്റ് യുറേഷ്യൻ ഫലകത്തിന് താഴെയാണ്.


തുടർച്ചയായ ടെക്‌റ്റോണിക് പ്ലേറ്റ് ചലനം കാരണം ഈ പ്രദേശം ഗണ്യമായ സമ്മർദം അനുഭവിക്കുന്നു. 1803ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 1991ൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉത്തരകാശി പ്രദേശങ്ങളിലുണ്ടായിട്ടുണ്ട്. സിൽക്യാര-ബാർകോട്ട് തുരങ്കത്തിൽ മേഖലയിലെ ഭൂകമ്പ സാധ്യതകൾ പരിഗണിക്കപ്പെട്ടിട്ടില്ല. തുരങ്കത്തിന്റെ പണി ആരംഭിക്കും മുമ്പ് ഭൂകമ്പ സർവേ ഉൾപ്പെടുന്ന ടണൽ സീസ്മിക് പ്രവചനം സിൽക്യാര തുരങ്കത്തിന്റെ കാര്യത്തിലുണ്ടായിട്ടില്ല. നാഷനൽ സേഫ്റ്റി കൗൺസിൽ നിർദേശിക്കുന്ന സുരക്ഷാ മാർഗരേഖ പ്രകാരം മൂന്നു കിലോമീറ്റർ കൂടുതൽ വരുന്ന തുരങ്കം നിർമിക്കുമ്പോൾ മണ്ണിടിച്ചിൽ പോലുള്ള അപകടമുണ്ടായാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാൻ രക്ഷാപാത അനിവാര്യമാണ്. 4.5 കിലോമീറ്റർ വരുന്ന സിൽക്കാര തുരങ്കത്തിൽ അതുണ്ടായിരുന്നില്ല. തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള ട്രഞ്ച് കേജോ, സേഫ് ട്യൂബോ ഉണ്ടായിരുന്നില്ല. ഇതിൽ ട്രഞ്ച് കേജ് ഇത്തരം ജോലികളിൽ ഒഴിവാക്കാനാവാത്തതാണ്.

   


തുരങ്കം നിർമിക്കുമ്പോൾ ഉണ്ടാകുന്ന വിഷവാതകം ഒഴിവാക്കുന്നതിനും അപകടമുണ്ടായാൽ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഹ്യൂംപൈപ്പ് സ്ഥാപിക്കപ്പെട്ടിരുന്നില്ല. തൊഴിലാളികളുടെ സുരക്ഷ ഇവിടെ പ്രധാനമായി കണ്ടിരുന്നില്ലെന്നാണ് മനസ്സിലാക്കാനാവുന്നത്. ആൽപ്‌സ് മലനിരകളെക്കാൾ അസ്ഥിരമായ മണ്ണാണ് ഹിമാലയൻ മേഖലയിലേത്. ഹിമാലയൻ മേഖലയിൽ നടത്തുന്ന ഓരോ നിർമാണവും അതിന്റെ സ്വാഭാവിക പ്രകൃതിയ്ക്ക് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ അപകടമുണ്ടാകാനുള്ള സാധ്യത കൂടും. ഇവിടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ അനിവാര്യമാണ്. സിൽക്യാര തുരങ്കത്തിൽ അടിയന്തര സാഹചര്യത്തിൽ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പദ്ധതി പോലുമുണ്ടായിരുന്നില്ല.

ഹിമാചൽപ്രദേശിലെ കുളു, ലാഹോൾ ആന്റ് സ്പിറ്റിയിൽ നിർമിച്ച അടൺ ടണലിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമാണപ്രവർത്തനം നടന്നത്. വലിയൊരു തുരങ്കം നിർമിച്ചിട്ടും അവിടെ ഒരു അപകടം പോലുമുണ്ടായില്ല. പുതിയ സാഹചര്യത്തിൽ രാജ്യത്തെ നിലവിലുള്ള 29 തുരങ്ക നിർമാണത്തിൽ സുരക്ഷാ പരിശോധന നടത്തുമെന്നാണ് ഇപ്പോൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്.


ദുരന്തമുണ്ടാകുമ്പോഴുണ്ടാകുന്ന ഉണർവിനപ്പുറം ഈ മേഖലയിൽ കൂടുതൽ മാർഗരേഖകൾ ആവശ്യമാണ്. പദ്ധതി നടപ്പാക്കും മുമ്പ് ആഴത്തിലുള്ള ജിയോളജിക്കൽ പഠനം നടത്തുകയാണ് ഇതിലൊന്ന്. നിർമാണമേഖലയിൽ തുടർച്ചയായ നിരീക്ഷണം നടത്താൻ സംവിധാനം വേണം. അടിയന്തര ഒഴിപ്പിക്കൽ സംവിധാനമുണ്ടെന്ന് ഉറപ്പാക്കണം. അതിനപ്പുറത്തേക്ക് തുരങ്കങ്ങൾ പുതിയ കാലത്തെ നിർമാണങ്ങളിൽ അനിവാര്യമല്ലെന്ന വിദഗ്ധാഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാൻ സർക്കാർ തയാറാകണം. അതോടൊപ്പം ദുരന്തങ്ങളുണ്ടാകുമ്പോൾ രാഷ്ട്രീയ നേതാക്കൾ സംയമനം പാലിക്കുകകൂടി വേണം. സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന്റെ അവസാന നാളുകളിൽ, അതുവരെ രക്ഷാപ്രവർത്തനത്തിൽ ഒരു പങ്കുംവഹിക്കാതിരുന്ന ചില രാഷ്ട്രീയ നേതാക്കൾ നടത്തിയ അശ്ലീല പ്രകടനങ്ങൾക്ക് രാജ്യം ഇനിയും സാക്ഷിയാകരുത്. ദുരന്തത്തിൽപ്പെട്ടവരെ വളരെ വേഗം രക്ഷപ്പെടുത്തുക എന്നത് ഭരണകൂടത്തിൻ്റെ ചുമതലയാണ്. എന്നാൽ അപകടം വരാതെ സൂക്ഷിക്കാനുള്ള മുൻകരുതലുകൾ അതിലേറെ ജാഗ്രതയോടെ നടപ്പാക്കേണ്ടതാണ്.

Content Highlights:Silkyara Errors should also be checked


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.