
സ്വന്തം ലേഖിക
കൊച്ചി:പ്രൊഫ. എം. കെ പ്രസാദിന്റെ വിയോഗത്തിലൂടെ നഷ്ടമായത് പരിസ്ഥിതി സംരക്ഷണത്തിന് ഊര്‍ജവും കരുത്തും പകര്‍ന്നു നല്കിയ അധ്യാപകനെ. പരിസ്ഥിതിയുടെ ശാസ്ത്രവും അതിന്റെ സംരക്ഷണത്തിനുള്ള സമരമുഖങ്ങളും പരിചയപ്പെടുത്തിയ പ്രസാദ് മാഷ് വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഉറക്കമില്ലാതെ കണ്ണുകള്തുറന്നുവച്ച് കാത്തുസൂക്ഷിച്ച മികച്ച പ്രകൃതിസ്നേഹികൂടിയായിരുന്നു. മണ്ണിനും കാടിനും പുഴകള്‍ക്കും വേണ്ടി പ്രസാദ് മാഷ് ശബ്ദമുയര്‍ത്തിയപ്പോള്‍ ആ നന്മയുടെ വിജയത്തിനായി ആയിരങ്ങള്‍ അണിചേര്‍ന്നു.
സൈലന്റ് വാലിയില്‍ അണകെട്ടി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനെതിരേ ഉയര്‍ന്ന വേറിട്ട ശബ്ദമായിരുന്നു എം.കെ പ്രസാദിന്റേത്. കാടിനെ നശിപ്പിച്ചുകൊണ്ടുള്ള വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ കേരളത്തില്‍ നടപ്പാകില്ലെന്നതിനുള്ള മുന്നറിയിപ്പായി എം.കെ പ്രസാദ് തുടങ്ങിവച്ച പ്രക്ഷോഭം മാറുകയായിരുന്നു. രാജ്യത്തെതന്നെ ആദ്യബഹുജന പരിസ്ഥിതി വിദ്യാഭ്യാസ പ്രസ്ഥാനമായി സൈലന്റ് വാലി രൂപപ്പെട്ടു.
കാടും പരിസ്ഥിതിയും നശിപ്പിക്കാനുള്ളതല്ല സംരക്ഷിക്കാനുള്ളതാണെന്ന സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനും സൈലന്റ് വാലി കാംപയിനിലൂടെ പ്രസാദ് മാഷിന് സാധിച്ചു. സൈലന്റ് വാലിയിലെ വനമേഖലയെ ഭീഷണിയിലാക്കിയ പദ്ധതിക്കെതിരേ പ്രസാദ് മാഷ് വിവിധ തുറകളിലുള്ളവരെ തന്നോടൊപ്പം ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ സര്‍ക്കാരിന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
1984 നവംബര്‍ 15ന് സൈലന്റ് വാലി നാഷനല്‍ പാര്‍ക്കായി പ്രഖ്യാപിക്കുകയായിരുന്നു. സൈലന്റ് വാലി പ്രശ്നം ഒരുജനതയുടെ പരിസ്ഥിതിസ്നേഹമാക്കി മാറ്റാനും മാഷിന് സാധിച്ചു. ദേശീയ അന്തര്‍ദേശീയ തലത്തില്‍, സൈലന്റ് വാലി കാംപയിന്റെ വിജയത്തെതുടര്‍ന്ന് അദ്ദേഹം ശ്രദ്ധേയനാകുകയും ചെയ്തു. ഇനിയൊരു ജന്മമുണ്ടെങ്കില് താനത് വൃക്ഷങ്ങള്‍ സംരക്ഷിക്കാന്‍ നീക്കിവയ്ക്കുമെന്ന് പറഞ്ഞ നയതന്ത്രപ്രതിനിധിയോട് പ്രസാദ് മാഷ് പറഞ്ഞ മറുപടിയുണ്ട്. ‘ഇനി ഒരു ജന്മമല്ല, ഈ ജന്മം തന്നെയാണ് പ്രകൃതിസംരക്ഷണത്തിനായി നീക്കിവയ്ക്കേണ്ടത്’. ആവാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ സ്വന്തം ജീവിതത്തില്‍ നടപ്പാക്കിതന്നെയാണ് പ്രൊഫ. എം.കെ പ്രസാദ് വിടവാങ്ങിയത്.