2020 November 30 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആംഗ്യഭാഷകള്‍ ജനകീയമാകട്ടെ

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണ കാലഘട്ടത്തിലെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ചുള്ള തിരക്കുപിടിച്ച ചര്‍ച്ചകളിലാണ് ലോകം. ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച എങ്ങനെ, ഏതെല്ലാം വഴികളിലൂടെ കുട്ടികളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നുള്ള ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ കുട്ടികള്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിച്ച് പണവും അധ്വാനവും ചെലവഴിക്കപ്പെടുമ്പോഴും പാവപ്പെട്ടവന് വിദ്യാഭ്യാസം എങ്ങനെ സാധ്യമാകുന്നു എന്നതിനെ കുറിച്ച് വിസ്മരിക്കുകയാണ്. പ്രധാനമായും ബധിരരും മൂകരും ഭിന്നശേഷിക്കാരുമായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കേവലം സെമിനാറില്‍ ഒതുങ്ങിനില്‍ക്കുകയാണ് പതിവ്. ഇവരുടെ കാര്യത്തില്‍ കൃത്യമായ ആസൂത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ സമൂഹം വിമുഖത കാണിക്കുന്നത് ദുഃഖകരമാണ്.
സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ അന്താരാഷ്ട്ര ബധിരവാരം ആചരിക്കുകയാണ്. 1958ല്‍ ലോകത്തിലെ ബധിരരുടെ അന്താരാഷ്ട്ര സംഘടന (വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡഫ്) യുടെ ആഭിമുഖ്യത്തില്‍ റോമില്‍നിന്ന് തുടങ്ങിവച്ച ഒരു ആശയമാണിത്. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ സമൂഹം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് ആത്മപരിശോധന നടത്തേണ്ട ദിവസങ്ങളാണിത്. ബധിരരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഫലത്തില്‍ നാമമാത്രമാണ്, വിദ്യാഭ്യാസത്തിന്റെ ലോക മാതൃകയ്ക്കു വേണ്ടി പലരും തിരയുന്ന കേരളത്തില്‍പോലും.

ഇവര്‍ക്ക് താങ്ങും തണലുമായി നില്‍ക്കാന്‍ നാം ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. ഇത്തരം കുട്ടികളുമായി ഇടപഴകേണ്ട അധ്യാപകരും രക്ഷിതാക്കളും കുടുംബാംഗങ്ങളും ഇവര്‍ക്കായി തയാറാക്കിയ സൈന്‍ ലാംഗ്വേജ് അറിയുന്നവരാണെങ്കില്‍, ആ വീട്ടകങ്ങളില്‍ ദ്വിഭാഷാ പഠനം സാധ്യമാണെങ്കില്‍ ഇത്തരം വിദ്യാര്‍ഥികളുടെ പ്രയാസങ്ങള്‍ ഒരുപരിധി വരെ ഇല്ലാതാക്കാന്‍ കഴിയും. അവരെ ഒറ്റപ്പെടലിന്റെ നോവില്‍നിന്ന് രക്ഷപ്പെടുത്താനും ഇതുവഴി സാധിക്കും. അവരോട് സംസാരിക്കാനുള്ള ആംഗ്യഭാഷ സ്വായത്തമാക്കാനുള്ള പരിശ്രമം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നിലവിലുള്ള ആംഗ്യഭാഷകള്‍ പൊതുവായി സംയോജിപ്പിച്ച് പൊതു സൈന്‍ ലാംഗ്വേജ് രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇപ്പോഴും വിജയിച്ചിട്ടില്ല. ഇത്തരം കുട്ടികള്‍ക്ക് ഇന്റര്‍പ്രട്ടേഷനു വേണ്ടണ്ടി ആളുകളെ വച്ചുകൊടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെണ്ടങ്കിലും നടത്തിപ്പ് കുറവാണ്. ചില ചാനലുകളില്‍ വാര്‍ത്ത വായിക്കുന്ന സമയത്ത് ഇവര്‍ക്കു മാത്രം വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടി ചില സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്. നമ്മുടെ രാജ്യത്ത് ഇവര്‍ക്കു വേണ്ടിയുള്ള നല്ലൊരു കരിക്കുലം പോലും ഉണ്ടായിരുന്നില്ല.

1991ല്‍ അന്നത്തെ മന്ത്രിസഭയില്‍ വച്ചാണ് ആദ്യമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് പൊതുപാഠ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്ന ‘കിരണം’ എന്ന പ്രസിദ്ധീകരണം ഞങ്ങള്‍ കൊണ്ടുവന്നത്. പക്ഷേ, കാലം കുറേയായിട്ടും കരിക്കുലത്തിലും ഐ.എസ്.എല്‍ എന്ന പൊതുബോധന രീതിക്ക് ഉപകരിക്കുന്ന ആംഗ്യഭാഷാ പദ്ധതിയിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകളും ഇവിടെ തേടേണ്ടതുണ്ട്. ഇവര്‍ക്കായി മനസൊരുമിച്ച് ആലോചിച്ചാല്‍ പുതിയ സംരംഭങ്ങളും സംവിധാനങ്ങളും നമുക്ക് പ്രാവര്‍ത്തികമാക്കാവുന്നതാണ്. അതിനായി മനസ് വികസിപ്പിച്ചെടുത്ത് ഗൗരവതരമായ ചിന്തകള്‍ പങ്കുവയ്ക്കാനുള്ള ശ്രമങ്ങളാകട്ടെ ഈ ബധിരവാരത്തില്‍ ഉണ്ടാകേണ്ടത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.