2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിദ്ധിഖ് കാപ്പനുവേണ്ടി നാളെ യൂത്ത് ലീഗിന്റെ ദേശവ്യാപക പ്രതിഷേധം: ആറു സംസ്ഥാനങ്ങളില്‍ പ്രതിഷേധ മതില്‍

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ദേശവ്യാപകമായി പ്രൊട്ടസ്റ്റ് വാള്‍ തീര്‍ക്കും. രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ഹഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനാണ് അദ്ദേഹം ഉത്തര്‍പ്രദേശിലെത്തിയത്. യു.പി പോലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തുകയായിരുന്നു. രാജ്യവ്യാപകമായി മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിേഷധമുയര്‍ത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ ജയിലില്‍ വച്ച് കോവിഡ് രോഗബാധിതനായ കാപ്പന് മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ട് എന്നാണ് ജയിലധികൃതര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കാപ്പന്‍ ഭാര്യ റൈഹാനത്തുമായി സംസാരിക്കുമ്പോഴാണ് ആശുപത്രിയില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ കഥ പുറം ലോകം അറിഞ്ഞത്. ചികിത്സയുടെ പേരില്‍ ആശുപത്രിയില്‍ കെട്ടിയിട്ട് പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അനുവദിക്കാതെ ക്രൂരമായി പീഡിപ്പിക്കുകയാണ്.

ക്രൂരമായ ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിേഷധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ: വി.കെ ഫൈസല്‍ ബാബു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെതിരെ നടക്കുന്ന ഈ ക്രൂരതയില്‍ പിണറായി വിജയന്‍ തുടരുന്ന മൗനം ദുരൂഹമാണ്. ഒരു പരിമിതിയുമില്ലാതെ യൂത്ത് ലീഗ് കാപ്പനോടൊപ്പം നിലയുറപ്പിക്കുന്നു. കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കുക, ജാമ്യം അനുവദിക്കുക, യു.എ.പി.എ പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന പ്രതിേഷധ മതിലില്‍ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടുമുറ്റങ്ങളിലാണ് പ്രതിഷേധമതില്‍ തീര്‍ക്കേണ്ടത്. വീടിന്റെ മതിലില്‍ രാവിലെ തന്നെ സിദ്ദീഖ് കാപ്പന് നീതി ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പതിക്കണം. കൃത്യം 11 മണിക്ക് കുടുംബസമേതം പോസ്റ്ററുകള്‍ കയ്യിലേന്തി ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. കേരളം തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുടുംബസമേതം അണിനിരക്കും. പോസ്റ്റര്‍ മാറ്ററുകള്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തയാറാക്കി നവസമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.