2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിദ്ദീഖ് കാപ്പന് ചികിത്സലഭ്യമാക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ച് എം.കെ മുനീര്‍

കോഴിക്കോട്: സിദ്ദീഖ് കാപ്പന് മികച്ച ചികിത്സലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോ.എം.കെ മുനീര്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചു. യോഗിയും മോദിയും ഷായും തീര്‍ത്ത തടവറകളില്‍ എത്ര പേര്‍ ഇങ്ങനെ ജീവിതം ഹോമിക്കുന്നുണ്ടാവുമെന്നതിലെ ആശങ്ക രേഖപ്പെടുത്തിയ മുനീര്‍ മലയാളിയായ പത്രപ്രവര്‍ത്തകന്റെ അകാരണമായ അറസ്റ്റിലും മനുഷ്യാവകാശ ലംഘനങ്ങളിലും സംസ്ഥാന ഗവണ്‍മെന്റിന്റെ മൗനത്തെയും വിമര്‍ശിച്ചു.
അദ്ദേഹത്തിന്റെ പേര് നോക്കി അറസ്റ്റ് ചെയ്യാന്‍ യു.പി പോലിസിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. മനുഷ്യാവകാശങ്ങളെല്ലാം കാപ്പന് നിഷേധിക്കപ്പെടുകയാണ്. അതിന് മാത്രം എന്ത് കുറ്റമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നും മുനീര്‍ ചോദിച്ചു.
കാപ്പന് അടിയന്തിരമായി ചികിത്സാ സൗകര്യം ലഭ്യമാക്കാനും മോചനം എത്രയും വേഗം സാധ്യമാക്കാനും കേരളം ഒന്നിച്ച് കൈകോര്‍ക്കേണ്ട സമയമാണിതെന്നും ഓര്‍മിപ്പിച്ചു. കാപ്പനു അനുയോജ്യമായ ചികിത്സ ലഭ്യമാക്കാനും മോചനം സാധ്യമാക്കാനുമുള്ള മുറവിളികള്‍ കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ട്. സാംസ്‌കാരിക രാ്ഷ്ട്രീയ രംഗത്തുള്ളവരും മുഖ്യമന്ത്രിയോടിക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

അത്യന്തം ദാരുണമായ അവസ്ഥയില്‍ കൂടിയാണ് സിദ്ദിഖ് കാപ്പന്‍ എന്ന മലയാളി പത്രപ്രവര്‍ത്തകന്‍ കടന്നു പോകുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിതനായ അദ്ദേഹം ബാത്ത്‌റൂമില്‍ തല കറങ്ങി വീഴുകയും താടിയെല്ല് പൊട്ടുകയും ശരീരമാസകലം വേദന അനുഭവിക്കുകയും ചെയ്യുന്ന അവശനിലയിലാണ് ഉള്ളതെന്ന് ഭാര്യ പറയുന്നു. ചങ്ങലയില്‍ കിടന്ന് പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാവാത്ത തരത്തില്‍ ജയിലില്‍ ക്രൂര മര്‍ദ്ദനമാണ്, ഉടന്‍ ചികിത്സ ലഭ്യമായില്ലെങ്കില്‍ അദ്ദേഹത്തിന്റെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നും പുറത്ത് വരുന്നു.

   

കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് തേടിയുള്ള റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി ഹഥ്രാസിലേക്ക് പോയ മലയാളി പത്രപ്രവര്‍ത്തകനാണ് സിദ്ദിഖ് കാപ്പന്‍. പിന്നീടദ്ദേഹം തിരിച്ചു വന്നിട്ടില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ് കൂടിയായ അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് ഹാഥ്രസിലേക്ക് എത്തും മുന്‍പെ പിടിയിലായി. അദ്ദേഹത്തിന്റെ പേര് നോക്കി അറസ്റ്റ് ചെയ്യാന്‍ ഉത്തര്‍പ്രദേശ് പോലിസിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. സിദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. അതിന് മാത്രംഎന്ത് കുറ്റമാണ് അദ്ദേഹം ചെയ്തിട്ടുള്ളത് ? യോഗിയും മോദിയും ഷായും തീര്‍ത്ത തടവറകളില്‍ എത്ര പേര്‍ ഇങ്ങനെ ജീവിതം ഹോമിക്കുന്നുണ്ടാവണം. കരുതല്‍ തടങ്കല്‍ അനുഭവിക്കുന്ന മനുഷ്യരെ കുറിച്ചുള്ള വാര്‍ത്തകളെത്ര നാം കേള്‍ക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരുണ്ട യുഗത്തിലേക്ക് നാം തിരിച്ചു പോവുകയാണോ? എന്ത് കൊണ്ടാണ് മലയാളിയായ ഒരു പത്രപ്രവര്‍ത്തകന്റെ അകാരണമായ അറസ്റ്റിലും അദ്ദേഹത്തോടുള്ള മനുഷ്യാവകാശ ലംഘനത്തിലും സംസ്ഥാന ഗവണ്‍മെന്റും നിശബ്ദമാകുന്നത്?

സിദ്ദീഖ് കാപ്പന് അടിയന്തിരമായി കൊവിഡ് ചികിത്സ സൗകര്യം ലഭ്യമാവണം. അദ്ദേഹത്തിന്റെ മോചനം എത്രയും വേഗം സാധ്യമാകണം. നീതി ലഭ്യമാവണം. ഈ ആവശ്യങ്ങളുന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. ഈ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ കേരളം ഒന്നിച്ച് കൈകോര്‍ക്കേണ്ട സമയമാണിത്.

നേരത്തെ കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുധാകരന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടു. കാപ്പന് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന് ഭാര്യ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.