2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സിദ്ദീഖ് കാപ്പന്‍ കേസ് വഴിത്തിരിവായ ചോദ്യം

സിദ്ദീഖ് കാപ്പന്‍ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നെങ്കിലും ഡല്‍ഹിയിലെ മാധ്യമലോകം അത് മലയാളി മാധ്യമപ്രവര്‍ത്തകന്റെ കേസായി കണ്ടിരുന്നില്ല. ചുരുക്കം ചിലരൊഴികെ എല്ലാ മാധ്യമപ്രവര്‍ത്തകരും കാപ്പനൊപ്പം നിലകൊണ്ടു. കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ കേസ് നടത്താന്‍ തയാറായി. കപില്‍ സിബലിനെയും ദുഷ്യന്ത് ദവെയെയും പോലുള്ള മുതിര്‍ന്ന അഭിഭാഷകര്‍ കേസ് സൗജന്യമായി വാദിക്കാന്‍ തയാറായി.

കെ.എ സലിം

 

‘കാറില്‍ നാലുപേരുണ്ടായിരുന്നു. അവര്‍ ഹാത്രാസിലേക്ക് പോകുകയായിരുന്നു. അതില്‍ മൂന്നുപേര്‍ പോപ്പുലര്‍ഫ്രണ്ടുകാരായിരുന്നു. കാറില്‍ ചില ലഘുലേഖകളുണ്ടായിരുന്നു. അതിനപ്പുറത്തേക്ക് നിങ്ങള്‍ ആരോപിക്കുന്ന ഭീകരബന്ധം തെളിയിക്കാന്‍ നിങ്ങളുടെ പക്കല്‍ എന്താണുള്ളതെന്ന’ യു.പി സര്‍ക്കാരിനോടുള്ള ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ ഒറ്റച്ചോദ്യമാണ് സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതിയിലെ വഴിത്തിരിവ്.അറസ്റ്റിലായവരുടെ പക്കല്‍ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നോ? ലഘുലേഖയില്‍പ്രകോപനപരമായെന്തെങ്കിലുമുണ്ടായിരുന്നോ? ഒന്നുമില്ലെന്നായിരുന്നു യു.പി സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ മഹേഷ് ജത്മലാനിയുടെ മറുപടി. രാജ്യത്തെ പൊതുസമൂഹവും ഡല്‍ഹിയിലെ മാധ്യമസമൂഹവും കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ചോദിച്ച അതേ ചോദ്യമാണ് സുപ്രിംകോടതി ഒടുവില്‍ ചോദിച്ചത്. ആ ചോദ്യമാകട്ടെ, അറസ്റ്റിലായി 704 ദിവസങ്ങള്‍ക്ക് ശേഷം സിദ്ദീഖ് കാപ്പന് ജാമ്യത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.
വിദ്വേഷം ഭീരുത്വമാകുമ്പോള്‍ അതു മുഖംമൂടി ധരിച്ച് സ്വയം നീതിയെന്ന് വിളിക്കുമെന്നാണ് പ്രശസ്ത ഓസ്ട്രിയന്‍ എഴുത്തുകാരനായ ആര്‍തര്‍ ഷ്‌നിറ്റ്‌സലറുടെ വാക്കുകള്‍. ഭീരുത്വം നിറഞ്ഞൊരു വിദ്വേഷത്തിന്റെ കാലത്താണ് സാമാന്യയുക്തിക്ക് നിരക്കാത്ത കള്ളങ്ങള്‍ നിരത്തി യു.പി സര്‍ക്കാര്‍ സിദ്ദീഖ് കാപ്പനെയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. ഹാത്രാസ് സംഭവത്തില്‍ രാജ്യത്തിനു മുന്നില്‍ നാണംകെട്ട സര്‍ക്കാര്‍ രോഗിയും ദുര്‍ബലനുമായൊരാളെ കള്ളങ്ങളുടെ ചങ്ങലകൊണ്ട് ബന്ധിപ്പിച്ചു അതിനു പിന്നില്‍ മുഖമൊളിപ്പിച്ചു നില്‍ക്കുന്നതില്‍ ഭീരുത്വമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അതിനായി സര്‍ക്കാര്‍ ഉന്നയിച്ച ന്യായങ്ങള്‍ കീഴ്‌ക്കോടതികള്‍ വിശ്വസിച്ചുവെന്നതും ജാമ്യം നിഷേധിച്ചുവെന്നതും ആശങ്കയോടെ കാണേണ്ടതാണ്. എന്നാല്‍, കേസ് പരിഗണിച്ചപ്പോള്‍ തന്നെ സുപ്രിംകോടതി ബെഞ്ചിന്റെ നിലപാട് വ്യക്തമായിരുന്നു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍കൊണ്ട് കോടതി തന്നെ യു.പിയുടെ വാദങ്ങളെ നേരിട്ടപ്പോള്‍ കാപ്പന്റെ അഭിഭാഷകന്‍ കപില്‍ സിബലിന് കാര്യമായി വാദിക്കേണ്ടിവന്നില്ല. ഇടയ്ക്കിടെ ചില ഇടപെടലുകള്‍ മാത്രമായിരുന്നു കപില്‍ സിബലിന് നടത്തേണ്ടിവന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാല്‍ അത് എല്ലാവര്‍ക്കുമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നീതി ആവശ്യപ്പെടുന്ന ഒരു ഇരയുണ്ട്. അതിനാല്‍ നമുക്ക് ഒന്നിച്ചുനിന്ന് ശബ്ദം ഉയര്‍ത്താമെന്നാണ് ലഘുലേഖയില്‍ പറയുന്നത്. ഇതു നിയമത്തിന്റെ കണ്ണില്‍ കുറ്റകൃത്യമാണോയെന്ന് കോടതി ചോദിച്ചു. ഓരോ വ്യക്തിക്കും അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 2012ലെ നിര്‍ഭയ സംഭവത്തിലെ സമരകാലത്തും ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യമുയര്‍ന്നതായി ജസ്റ്റിസ് രവീന്ദ്രഭട്ടും ചൂണ്ടിക്കാട്ടി. ഹാത്രാസിന് സമാനമായ പ്രതിഷേധം നിര്‍ഭയ സംഭവത്തില്‍ ഇന്ത്യാ ഗേറ്റില്‍ നടന്നത് രവീന്ദ്രഭട്ട് ഓര്‍മിപ്പിച്ചു. അതിനു ശേഷമാണ് രാജ്യത്തെ ചില നിയമങ്ങളില്‍ മാറ്റംവന്നത്. എവിടെയൊക്കെയോ പോരായ്മയുണ്ടാകുമ്പോഴാണ് ഈ പ്രതിഷേധങ്ങള്‍ ആവശ്യമായി വരുന്നത്. അന്ന് നിങ്ങള്‍ക്കതില്‍ പ്രകോപനം ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് രവീന്ദ്രഭട്ട് പറഞ്ഞു.
ഒന്നിനു പിറകെ ഒന്നായി നുണകള്‍ കൊണ്ട് കെട്ടിപ്പൊക്കിയതായിരുന്നു സിദ്ദീഖ് കാപ്പന്‍ കേസ്. കാപ്പന്‍ ഹാത്രാസിലേക്ക് പോയത് അവിടെ കലാപമുണ്ടാക്കാനാണെന്നത് ആദ്യത്തെ നുണ. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് പണം സ്വീകരിച്ചുവെന്നും കലാപത്തിനായി ഗൂഢാലോചന നടത്തിയിരുന്നുവെന്നത് രണ്ടാമത്തെ നുണ. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമപ്രവര്‍ത്തകരെ പ്രേരിപ്പിച്ചുവെന്നത് മൂന്നാമത്തെ നുണ. കലാപത്തിനായി സാമ്പത്തിക സഹായം നല്‍കിയെന്നും കാപ്പന്റെ കൂടെയുള്ളവര്‍ ഭീകരന്‍മാരായിരുന്നുവെന്നതും അടുത്ത നുണ. കലാപമുണ്ടാക്കാനുള്ള ടൂള്‍കിറ്റായിരുന്നു കാപ്പന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പിടിച്ചെടുത്തതെന്നത് മറ്റൊരു നുണ. ഹാത്രാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദലിതുകളും മുസ് ലിംകളും ഒന്നിച്ചുനില്‍ക്കണമെന്നും ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ ശബ്ദമുയര്‍ത്തണമെന്നുമാണ് ലഘുലേഖയിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയത് കോടതി തന്നെയാണ്.

എങ്കിലും രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നുവെന്നത് കണക്കിലെടുത്താണ് കാപ്പന് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ പ്രധാന കേസിനെ ഗുണപരമായി സ്വാധീനിക്കാനിടയുണ്ട്. ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട അസാധാരണ കേസായിരുന്നു സിദ്ദീഖ് കാപ്പന്റേത്. ആശങ്കകളും ആശയക്കുഴപ്പങ്ങളും ഒരുപാടുണ്ടായിരുന്നു. കശ്മിര്‍ ടൈംസ് ലേഖകനായിരുന്ന ഇഫ്തിഖാര്‍ ഗിലാനിയെ രാജ്യസുരക്ഷ അപകടത്തിലാക്കുന്ന ചില രേഖകള്‍ കൈവശം വച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തതായിരുന്നു ഇതിനു മുമ്പ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട സമാനമായ വെല്ലുവിളി. അന്ന് വാജ്‌പേയി സര്‍ക്കാരായിരുന്നു ഭരണത്തില്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനെന്ന മറവില്‍ ഹിസ്ബുല്‍ മുജാഹിദീനു വേണ്ടി പണിയെടുക്കുന്നയാളാണ് ഗിലാനിയെന്ന് പൊലിസ് ആരോപിച്ചു.
ഗിലാനിയുടെ കംപ്യൂട്ടറിലുണ്ടായിരുന്ന കശ്മിരിലെ സൈനിക വിന്യാസം സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സാധാരണ രേഖ രഹസ്യരേഖയാണെന്ന് വാദിച്ചു. ആറുമാസം തിഹാറിലായിരുന്നു ഗിലാനി. ജയിലില്‍ മര്‍ദനം നേരിട്ടു. താന്‍ നിരപരാധിയാണെന്ന് ഏറെക്കാലം കൂടെ ഉണ്ടുറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ വരെ വിശ്വസിച്ചില്ലെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോടതിയും അന്ന് കൂടെ നിന്നില്ല. രഹസ്യരേഖയല്ലെന്നും എല്ലായിടത്തും ഇത് ലഭ്യമാണെന്നും ഗിലാനിയുടെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയിട്ടും കോടതി ജാമ്യം നല്‍കിയില്ല. എന്നാല്‍, കള്ളക്കേസാണെന്ന് ബോധ്യമായ ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടെനിന്നു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. ആറുമാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ തന്നെ കേസ് പിന്‍വലിച്ചു.

അക്കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലെയുള്ള നേതാക്കള്‍ സര്‍ക്കാരിലുണ്ടായിരുന്നു. അവരുമായി സംഭാഷണം സാധ്യമായിരുന്നു. എന്നാല്‍ ആശയവിനിമയം പോലും സാധ്യമല്ലാത്ത വിധം ഇടുങ്ങിയ നിലപാടായിരുന്നു യു.പി പൊലിസിന്റേതെന്ന് കേസില്‍ നേരിട്ട് ഇടപെട്ടവര്‍ പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായ സിദ്ദീഖ് കാപ്പന്‍ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നെങ്കിലും ഡല്‍ഹിയിലെ മാധ്യമലോകം അത് ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്റെ കേസായി കണ്ടിരുന്നില്ല. ചുരുക്കം ചിലരൊഴികെ എല്ലാ മാധ്യമപ്രവര്‍ത്തകരും കാപ്പനൊപ്പം നിലകൊണ്ടു. കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ കേസ് നടത്താന്‍ തയാറായി. ചെലവുകള്‍ യൂനിയന്‍ അംഗങ്ങളില്‍ നിന്ന് പിരിവിട്ട് നല്‍കി. കപില്‍ സിബലിനെയും ദുഷ്യന്ത് ദവെയെയും പോലുള്ള മുതിര്‍ന്ന അഭിഭാഷകര്‍ കേസ് സൗജന്യമായി വാദിക്കാന്‍ തയാറായി. ആദ്യം സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ്പസായാണ് കേസ് ഫയല്‍ ചെയ്തതെങ്കിലും പിന്നീട് സാധാരണ ജാമ്യാപേക്ഷയായി മാറ്റിനല്‍കി. കീഴ്‌ക്കോടതിയെ സമീപിക്കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചതെങ്കിലും ദേശീയതലത്തില്‍ കാപ്പന്‍ കേസ് ശ്രദ്ധയാകര്‍ഷിക്കാന്‍ ഇത് കാരണമായിട്ടുണ്ട്. നീതിക്ക് വേണ്ടി നിലകൊണ്ടുവെന്ന് തന്നെ പത്രപ്രവര്‍ത്തക യൂനിയന് അഭിമാനിക്കാം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.