2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്ഐസി റിയാദ് പി കെ പി ഉസ്താദ് അനുസ്മരണവും ഹുബ്ബുറസൂൽ പ്രഭാഷണവും സംഘടിപ്പിച്ചു

റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി കഴിഞ്ഞ ദിവസം വിട പറഞ്ഞ സമസ്ത വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റും ആയിരുന്ന പി കെ പി അബ്ദുസ്സലാം മുസ്‌ലിയാർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും റബീഅ് കാംപയിനിന്റെ ഭാഗമായുള്ള ഹുബ്ബുറസൂൽ പ്രഭാഷണവും സംഘടിപ്പിച്ചു. ദഅവാ സെൽ ചെയർമാൻ ഉമർ ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം വാദിനൂർ ചീഫ് അമീർ ബഷീർ ഫൈസി ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.

ഒരു ആയുഷ്കാലം മുഴുവൻ അഗാധ പണ്ഡിത്യം കൊണ്ടും ഉത്തമ സ്വഭാവമഹിമകൾ കൊണ്ടും നിസ്വാർത്ഥ ദീനീ സേവനങ്ങൾ കൊണ്ടും സമസ്തയിലൂടെ മത ഭൗതീക വിജ്ഞാന-കർമ്മ മേഖലകളെ ധന്യമാക്കിയ കാലഘട്ടത്തിന്റെ അതുല്യ പ്രതിഭയെയാണ് ശൈഖുനായുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്നും എന്നാൽ ആ മഹാമനീഷി ലക്ഷക്കണക്കിന് ശിഷ്യന്മാരടങ്ങുന്ന ജനഹൃദയങ്ങളിലൂടെ എന്നും ജീവിക്കുമെന്നും പികെപി ഉസ്താദ് അനുസ്മരണ പ്രഭാഷണത്തിൽ മീഡിയ വിംഗ് കൺവീനർ ഹുദൈഫ കണ്ണൂർ പറഞ്ഞു. നേതൃനിരയിലും കർമ്മവീഥിയിലും തന്റെ അസാമാന്യ വ്യക്തിമുദ്ര പതിപ്പിച്ച ഉസ്താദ് സാമൂഹിക പ്രവർത്തനരംഗത്തും ആത്മീയരംഗത്തും നിറസാന്നിധ്യമായിരുന്നുവെന്ന് ട്രഷറർ അബ്ദുറസാഖ്‌ വളക്കൈ അനുസ്മരിച്ച് സംസാരിച്ചു.

പ്രവാചകജീവിതവും ദർശനവും ലോകത്തിനെന്നും വെളിച്ചം പകരുന്നതാണെന്നും പ്രവാചകസ്നേഹം ഹൃദയങ്ങളിൽ ഊട്ടിയുറപ്പിക്കാനും പ്രവർത്തനങ്ങളിൽ പ്രതിഫലിപ്പിക്കാനുമുള്ള സന്ദേശങ്ങൾ കൈമാറാൻ നാം തന്നെയാണ് എന്നും മുന്നിലുണ്ടാവേണ്ടതെന്നും മീലാദ് കാംപയിനിന് തുടക്കം കുറിച്ചുള്ള ഹുബ്ബുറസൂൽ പ്രഭാഷണത്തിൽ പ്രസിഡന്റ്‌ മുഹമ്മദ്‌ കോയ വാഫി ഓർമ്മിപ്പിച്ചു. സെക്രട്ടറി അബ്ദുറഹ്മാൻ ഹുദവി, സുലൈമാൻ വാഫി, ഇർഷാദ് വാഫി എന്നിവർ മൗലൂദ് പാരായണത്തിന് നേതൃത്വം നൽകി.

സൈദലവി ഫൈസി പനങ്ങാങ്ങര പ്രാർത്ഥനക്കും അബൂബക്കർ ഫൈസി വെള്ളില മയ്യിത്ത് നിസ്കാരത്തിനും നേതൃത്വം നൽകി. മൻസൂർ വാഴക്കാട്, ഗഫൂർ ചുങ്കത്തറ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി സ്വാഗതവും ഫാസിൽ കണ്ണൂർ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.