2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രധാനമന്ത്രിയുടെ പ്രഭാഷണം മതേതര രാജ്യത്തിന്റെ നിറം കെടുത്തി: സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി

       റിയാദ്: രാമ രാജ്യം സ്ഥാപിക്കൽ രണ്ടാം സ്വാതന്ത്ര്യ സമരത്തോട് തുല്യപ്പെടുത്തുന്ന രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാഷണം മതേതര ഭാരതത്തിന്റെ മുഖത്തേറ്റ കടുത്ത ആഘാതമാണെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാമ രാജ്യ ശിലാസ്ഥാപനം ചെറുപ്പം മുതലേയുള്ള സ്വപ്‌നമാണെന്നും ബാബരി മസ്‌ജിദ് പൊളിക്കുന്ന സമയത്ത് ഇനി ഒരു ക്ഷേത്ര നിർമ്മാണത്തിനേ താൻ ഇവിടെ വരികയുള്ളൂ എന്ന രീതിയിൽ ശപഥം ചെയ്‌തു പോയതെന്ന പ്രധാനമന്ത്രിയുടെ നിലപാടും നടപടികളും ഏറ്റവും വലിയ ഒരു മതേതര രാജ്യമെന്ന നിലയിൽ ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിൽക്കുന്ന ഇന്ത്യയുടെ അഭിമാനത്തിനേറ്റ ക്ഷതമാണെന്നും എസ്‌ഐസി നാഷണൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

    ചരിത്രവസ്തുതകളും പിന്‍ബലങ്ങളും ബാബരി മസ്ജിദിന്റെ അസ്തിത്വത്തോടൊപ്പം നിന്നിട്ടും രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ ഹിന്ദുത്വവാദികള്‍ക്കു വേണ്ടി അയോധ്യയിലെ ഭൂമി പതിച്ചുനല്‍കിയ വിധി വേദനയോടെയും അമര്‍ഷത്തോടെയുമായിരന്നു ഇന്ത്യയിലെ മതേതര വിഭാഗം ജനങ്ങൾ സ്വീകരിച്ചിരുന്നത്. ക്ഷേത്ര ട്രസ്റ്റിനു പകരം ഭണകൂടം തന്നെ എല്ലാം നേരിട്ടു ചെയ്ത്, ഹിന്ദുത്വ അജണ്ടയെ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ശിലപാകല്‍ ചടങ്ങിലൂടെ നടത്തിയിട്ടുള്ളത്. ഹിന്ദു ഐതിഹ്യത്തിലെ ശ്രീരാമനെ നീതിയുടെ വക്താവായിട്ടാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തെ  ഇപ്പോള്‍  അനീതികൊണ്ട് പ്രീതിപ്പെടുത്തുകയാണുണ്ടായത്.

     ബിജെപിയും കോണ്‍ഗ്രസും മറ്റു മതേതര പാര്‍ട്ടികളും ഹിന്ദുത്വവാദികളുമൊക്കെയും എത്ര പിന്തുണയറിയിച്ചാലും ബാബരിയുടെ ചരിത്രവും ചിത്രവും മായുന്നില്ലെന്നും നൂറ്റാണ്ടുകള്‍ പിന്നിട്ടാലും മുസ്ലിം ഹൃദയങ്ങളിലും നിഷ്പക്ഷരിലും മസ്‌ജിദായി തന്നെ ബാബരി നിലനില്‍ക്കുമെന്നും സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.