2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദി ദേശീയ ദിനം; ഭരണാധികാരികൾക്കും സഊദി ജനതക്കും ഐക്യദാർഢ്യ പ്രഖ്യാപനമായി എസ് ഐ സി ജിദ്ദ സാംസ്‌കാരിക സംഗമം

ജിദ്ദ: സഊദി ദേശീയ ദിനത്തോടാനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം നാടിൻറെ നന്മയും മേന്മയും കൃതജ്ഞതാ പൂർവം സ്മരിക്കുന്നതോടൊപ്പം, പരീക്ഷണ ഘട്ടങ്ങളിൽ ലോകത്തിനു മാതൃകയായ ഭരണാധികാരികൾക്കും സഊദി ജനതക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതു കൂടിയായി. സഊദിയിലെ പ്രമുഖ അഭിഭാഷകനും നിയമ വിദഗദ്ധനുമായ ഡോ: നാസിർ അബ്ദുല്ലാ അലി കദസ സംഗമം ഉദ്‌ഘാടനം ചെയ്തു.

ഈ നാടിൻറെ ഭരണാധികാരികൾ സ്വീകരിച്ചു വരുന്ന ”തിരു ഗേഹങ്ങളുടെ സേവകർ” എന്ന വിനയാന്വിത നാമം പോലും പുണ്യ ഗേഹങ്ങളുടെ പരിപാലനത്തിന് നൽകുന്ന പ്രാധാന്യത്തിന്റെയും പരിപാവനമായ ഈ നാട്ടിലെത്തുന്ന പരസഹസ്രം തീർത്ഥാടകർക്ക് വേണ്ടി ഒരുക്കുന്ന ആതിഥ്യ മര്യാദകളുടെയും ആത്മാർത്ഥമായ സമർപ്പണത്തിന്റെയും അടയാളങ്ങളാണെന്നും പരസ്പരം സന്ധിക്കുന്ന അറബിക്കടലും ചെങ്കടലും പോലെ തന്നെ ഇന്ത്യയും ഈ നാടും തമ്മിലുള്ള ഗാഢ ബന്ധവും പൗരാണിക കാലം മുതൽ തുടർന്ന് വരുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വാണിജ്യവും സാമ്പത്തികവുമായ ലക്ഷ്യങ്ങളെന്നപോലെ തന്നെ വൈജ്ഞാനിക അന്വേഷണ യാത്രകളുടെയും കഥ പറയുന്നതാണ് ഇന്ത്യയുമായി വിശിഷ്യാ നിങ്ങളുടെ നാടായ കേരളവുമായി അറബ് നാടിനുള്ളത്. ഇന്നും തീർത്ഥാടകരും സന്ദർശകരും തൊഴിൽ രംഗങ്ങളിലുമായി വലിയൊരു ജന വിഭാഗത്തെ ഈ നാട് ചേർത്തു പിടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌ഐസി ചെയർമാൻ നജ്മുദ്ദീൻ ഹുദവി വിവർത്തനം ചെയ്തു.

ദേശീയ ദിന സന്ദേശം നൽകി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിച്ചു.
സഊദി അറേബ്യയുടെ ദേശീയ ദിനാഘോഷം ലോകത്തിന്റെ മുഴുവൻ ആഘോഷമാണെന്നും, പ്രവാചകന്റെയും തിരു ഗേഹങ്ങളുടെയും നാടായ സഊദി ലോകത്തിനു തുല്യതയില്ലാത്ത ഒരു മഹാ സംസ്‌കൃതി പഠിപ്പിച്ചു കൊടുത്ത മണ്ണാണെന്നും, ഈ അനുഗ്രഹീത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്റർ ഉൾപ്പെടെയുള്ള കൂട്ടായ്മകളുടെ സേവന പാരമ്പര്യം മഹത്തരമാണെന്നും തങ്ങൾ പറഞ്ഞു.

ഓൺലൈൻ മുഖേന സംഘടിപ്പിച്ച സാംസ്‌കാരിക സംഗമത്തിൽ എസ് ഐ സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ആധുനിക സഊദിയുടെ വളർച്ചയിലും പുരോഗതിയിലും ഈ രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ സന്തോഷിക്കുന്നവരാണ് പ്രവാസികളെന്നും കഴിഞ്ഞ അര നൂറ്റാണ്ടിലധിക കാലത്തെ വളർച്ചയുടെ ഓരോ പടവുകളിലും ഈ നാടിൻറെ പങ്ക് വളരെ വലുതാണെന്നും തങ്ങൾ പറഞ്ഞു. വിദേശി സമൂഹത്തെ ഈ രാജ്യവും ഇതിന്റെ ഭരണാധികാരികളും ഇവിടത്തെ സ്വദേശികളായ പൗരന്മാരും അളവറ്റു സ്നേഹിക്കുകയും നമുക്ക് വേണ്ടി സൗകര്യങ്ങൾ ഒരുക്കി തരികയും ചെയ്തപ്പോൾ നന്ദി സൂചകമായി ഒരു വാക്ക് പറയാൻ നമുക്കവസരം ലഭിക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ ഈ രാജ്യത്തിൻറെ അഭിമാന നിമിഷങ്ങളിൽ പങ്കു ചേരുക നമ്മുടെ ബാധ്യതയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടു കൊണ്ടാണ് സമസ്ത ഇസ്‌ലാമിക് സെന്റർ ഈ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചതെന്നും തങ്ങൾ വ്യക്തമാക്കി.

ഇന്ത്യൻ സമൂഹവും അറബ് ലോകവുമായുള്ള ബന്ധം സഹസ്രാബ്ദങ്ങൾക്കപ്പുറത്തേക്ക് നീളുന്ന പ്രൗഢ ചരിത്ര പാരമ്പര്യം പേറുന്നതാണെന്നും സഊദി അറേബ്യ നമ്മുടെ രണ്ടാം നാട് എന്ന സങ്കല്പത്തിനപ്പുറം, ഇന്ത്യ സഊദി നയതന്ത്ര ബന്ധത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന ഇത്തവണത്തെ സഊദി ദേശീയ ദിനത്തിന്റെ ”ഇത് നമ്മുടെ വീടാണ്” എന്ന ശീര്ഷകത്തിലൂടെ നമുക്കിടയിലെ അഭേദ്യ ബന്ധത്തെ ഈ നാട് അംഗീകരിക്കുന്നു എന്നു കൂടി വ്യക്തമാക്കുന്നതാണെന്നും സഊദി ഇന്ത്യൻ സൗഹൃദം എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ പ്രമുഖ പത്ര പ്രവർത്തകനും ചിന്തകനുമായ ഹസൻ ചെറൂപ്പ പറഞ്ഞു.

എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ ‘മരുപ്പരപ്പിലെ ചരിത്ര ശേഷിപ്പുകൾ’ എന്ന വിഷയവും ജിദ്ദാ കമ്മിറ്റി ചെയർമാൻ നജ്മുദ്ധീൻ ഹുദവി ‘ആധുനിക സഊദി അറേബ്യ’ എന്ന വിഷയവും അവതരിപ്പിച്ചു. അബൂബക്കർ ദാരിമി ആലംപാടി പ്രാർത്ഥന നടത്തി. യാസീൻ അബ്ദുൽ ജലീൽ (എടപ്പറ്റ), സഫ്‌വാൻ അബുബക്കർ (കാസർക്കോട്) എന്നീ വിദ്യാർഥികൾ സഊദി ദേശീയ ഗാനം ആലപിച്ചു
മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട് ആശംസാ പ്രസംഗം നടത്തി. ഉസ്മാൻ എടത്തിൽ അവതാരാകൻ ആയിരുന്നു.

സൈദു ഹാജി മദീന, അസീസ് പറപ്പൂർ, ബഷീർ മാസ്റ്റർ, അഹ്ദാബ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ പ്രൊഫസർ മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. അഹ്മദ് കബീർ കിഴിശേരി, സി എച് നാസർ അരക്കു പറമ്പ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സിക്രട്ടറി നൗഷാദ് അൻവരി സ്വാഗതവും റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.