
ജിദ്ദ: ഭരണകൂട മുസ് ലിം വേട്ടയ്ക്കും ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയ്ക്കുമെതിരെ എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മാനവിക സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമ്പൂര്‍ണ മാതൃകയായി ലോക ജനത ആകമാനം ആദരിക്കുന്ന പ്രവാചക തിരുമേനിയെ അപമാനിക്കുന്ന നടപടി മുസ് ലിം സമൂഹത്തെയെന്ന പോലെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികളെയും വേദനിപ്പിക്കുന്നതും ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സിനു കളങ്കമേല്പിക്കുന്നതുമാണെന്ന് നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു.
ഇതിനു കാരണക്കാരായ വര്‍ഗീയവാദികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാന്‍ രാജ്യം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്ത ഇസ് ലാമിക് സെന്റര്‍ ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ എക്കാലവും മുസ് ലിം ലോകം നേരിടേണ്ടി വന്ന കനത്ത പരീക്ഷണങ്ങളെ അതിജീവിച്ചത് അചഞ്ചലമായ വിശ്വാസത്തിലൂടെയും കര്‍മരംഗത്തെ ആത്മാര്‍ഥമായ സമര്പ്പണങ്ങളിലൂടെയുമാണെന്നും അല്ലാഹുവിന്റെ സഹായം കൂടെയുണ്ടാകുമെന്നും പ്രവാചകാധ്യാപനങ്ങള്‍ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം വിശദീകരിച്ചു.
ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ എസ്.ഐ.സി വൈസ് പ്രസിഡന്റ് മൊയ്ദീന്‍കുട്ടി ഫൈസി പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജിദ്ദ ഇസ്ലാമിക് സെന്റര്‍ സ്ഥാപക സാരഥികളില്‍ പ്രമുഖനായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ചെയര്മാന് നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ജബ്ബാര്‍ ഹുദവി പള്ളിക്കല്‍, അബ്ദുറഹ്മാന് ഫൈസി വിളയൂര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മജീദ് പുകയൂര്‍, മുഹമ്മദലി മുസ്ലിയാർ കാപ്പ് വെട്ടത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ് ഐ സി ജിദ്ദ വര്‍ക്കിംഗ് സെക്രട്ടറി അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈനുദ്ധീന്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.