
ജിദ്ദ: എസ്.ഐ.സി ജിദ്ദ കമ്മിറ്റിയുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ഹിമ്മത്ത് ജിദ്ദ-2021 ന് തുടക്കമായി. എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങള്‍ മേലാറ്റൂര്‍ ആദ്യ അപേക്ഷകരായ സയ്യിദ് അദ്നാന് തങ്ങള്‍ (എട്ടാം ക്ലാസ്), മുഹമ്മദ് റസിന് (പ്ലസ്ടു) എന്നീ വിദ്യാര്‍ഥികളെ ചേര്‍ത്തു കൊണ്ട് ഹിമ്മത്ത് ജിദ്ദ പദ്ധതി ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീന്‍ എന്‍.എം, അബ്ദുല്‍ ജബ്ബാര്‍ ഹുദവി, യാസര്‍ മാസ്റ്റര്‍, ഫിറോസ് പരതക്കാട്, ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ ശാക്തീകരണ പരിപാടികള്‍ നടക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഏഴു വരെ രജിസ്റ്റര്‍ ചെയ്യുന്ന ജിദ്ദയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്.
ഏഴാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സിവില്‍ സര്‍വീസ്, മെഡിസിന് ഉള്‍പ്പെടെയുള്ള ഉന്നതതല വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവാസി വിദ്യാര്‍ഥികളെ കൈപ്പിടിച്ചുയര്‍ത്താനുള്ള സമസ്ത ഇസ്ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ പദ്ധതിയാണ് ഹിമ്മത്ത് ജിദ്ദ (ഹയര്‍ എജുക്കേഷന്‍ മൂവ്മെന്റ് ഫൊര്‍ മോട്ടിവേഷന്‍ ആക്ടിവിറ്റീസ് ബൈ ട്രെന്‍ഡ്). കേരളത്തിലെ സിവില്‍ സര്‍വീസ്, മെഡിസിന് പരിശീലന വിഭാഗമായ ട്രെന്‍ഡ് കേരളയുടെ പ്രവാസി രൂപമാണ് ഹിമ്മത്ത് ജിദ്ദ.
ജൂലൈ ഏഴു വരെ രജിസ്റ്റര്‍ ചെയ്യുന്ന ഏഴാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള യോഗ്യരായ 100 വിദ്യാര്‍ഥികള്‍ക്ക് ഒന്നാംഘട്ട പരിശീലന പദ്ധതിയില്‍ അംഗത്വം നല്‍കുമെന്ന് എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങള്‍ മേലാറ്റൂര്‍, നൗഷാദ് അന്‍വരി മോളൂര്‍, അബൂബക്കര്‍ ദാരിമി ആലമ്പാടി, നജ്മുദ്ദീന് ഹുദവി കൊണ്ടോട്ടി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.