
ദമാം: പ്രവാചകനിന്ദ രാഷ്ട്രീയ താല്പര്യത്തിന്റ ഭാഗമാണെന്നും വിവേകപൂർവ്വം അതി ജീവിക്കുവാനും സമാധാനവും സ്വസ്ഥതയും സഹവർത്തിതവുമായ സാഹചര്യങ്ങളിലൂടെ അതിനെ പ്രതിരോധിക്കാനും കഴിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ശിഹാബ് ആഹ്വാനം ചെയ്തു. ‘വിനാശമരുത്, വിവേകം നയികട്ടെ ഇന്ത്യയെ’ എന്ന പ്രമേയവുമായി സമസ്ത ഇസ്ലാമിക് സെൻറർ (എസ് ഐ സി) ദമാം സെൻ്റട്രൽ കമ്മറ്റി സംഘടിപ്പിച്ച പൈതൃക സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പൈതൃകം പരസ്പര സ്നഹത്തിൻ്റെയും സൗഹൃദത്തിൻ്റയും മൈത്രിയിൽ അധിഷ്ടിതമാണ്. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമേറെയുണ്ടെങ്കിലും ആദരവിൻ്റെ പാരസ്പര്യ ബന്ധങ്ങൾ നിറംമങ്ങാതെ കാത്ത് സൂഷിച്ചവരാണ് നാം. ഭരണകൂട പിന്തുണ മറയാക്കി മതങ്ങളെയും മത ആചാര്യന്മാരെയും വൈകൃതവൽകരിച്ച് മതാനുയായികൾക്കിടയിൽ വൈര്യവും കലാപവും ഉണ്ടാക്കലാണ് നിലവിലെ നിഗൂഢ ലക്ഷ്യം. ഇതിനെതിരെ ജാഗ്രതയോടെ വിവേകപരമായി നേരിടാൻ വിശ്വാസി സമൂഹത്തോട് തങ്ങൾ ആവശ്യപ്പെട്ടു.
സമാനതകളില്ലാത്ത മാതൃകകൾ കൊണ്ട് മഹാത്ഭുതം സിദ്ധിച്ച പ്രവാചകനെ അറിയാനും അറിയിക്കാനുമുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്ന് തങ്ങൾ കൂട്ടി ചേർത്തു. പ്രസിഡൻ്റ് സവാദ് ഫൈസി വർക്കല അദ്ധ്യക്ഷത വഹിച്ചു.
ബഹാഉദ്ധീൻ നദ്വി പൂവാട്ടുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, ലോക മലയാളിസഭ പ്രതിനിധി ആൽബിൻ ജോസഫ്, കുഞ്ഞാലൻ കുട്ടി ഫൈസി ഓമശ്ശേരി, കെഎംസിസി ദമാം സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുജീബ് കൊളത്തൂർ, ഫവാസ് ഹുദവി പട്ടിക്കാട് എന്നിവർ പ്രസംഗിച്ചു. അശ്റഫ് അശ്റഫി കരിമ്പ പ്രമേയം അവതരിപ്പിച്ചു. എസ് ഐ സി പ്രവർത്തകരിൽ നിന്നും വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വനിരയിലേക്ക് തിരഞ്ഞെടുത്ത മുജീബ് കുളത്തൂർ, മഹീൻ വിഴിഞ്ഞം, ബഷീർ പാങ് ഇസ്ഹാഖ് കൊടൂർ, അശ്റഫ് അശ്റഫി, അബൂ യാസീൻ ചളിങ്ങാട്, ബാസിത് പട്ടാമ്പി, ഷബീർ അലി അമ്പാടത്ത്, അബ്ദുൽ ഗഫൂർ പയോട്ട, റിയാസ് മമ്പാട്, എന്നിവരെ സംഗമത്തിൽ ആദരിച്ചു.
സെക്രട്ടറി മജീദ് മാസ്റ്റർ വാണിയമ്പലം സ്വാഗതവും ഇസ്ഹാഖ് കോഡൂർ നന്ദിയും പറഞ്ഞു. ഇബ്രാഹീം ഓമശ്ശേരി, മുസ്തഫ ദാരിമി, ശാഫി വെട്ടികാട്ടിരി, സുബൈർ നാദാപുരം, റഊഫ് മുസ്ലിയാർ എടപ്പാൾ സജീബ് കരുനാഗപള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.