
ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ എന്‍.ആര്.സി കോര്‍ഡിനേറ്റര്‍ക്കും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കെതിരെയും ശക്തമായ വിമര്‍ശനവുമായി സുപ്രിംകോടതി. പൗരത്വ രജിസ്റ്ററിനെക്കുറിച്ച് വ്യത്യസ്ത പ്രസ്താവനകള്‍ ഇറക്കിയതാണ് ഇവരെ കുടുക്കിയത്.
കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയും രജിസ്ട്രാര്‍ ജനറല്‍ സൈലേഷും ഭയാനകവും ബുദ്ധിമുട്ടിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.
”രണ്ടുപേരും കോടതീയലക്ഷ്യ നടപടിയാണ് ചെയ്തത്. നിങ്ങളെ ജയിലിലടയ്ക്കണോ? രണ്ടാളും ശിക്ഷിക്കപ്പടണം”- ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിലും രോഹിന്‍ടണ്‍ എഫ് നരിമാനും പറഞ്ഞു.
ഇതോടെ ക്ഷമാപണവുമായി ഇരുവരും രംഗത്തെത്തി. ”നിങ്ങളെ കോടതി നിയമിച്ച ഉദ്യോഗസ്ഥരാണ്. എല്ലാ പുതിയ രേഖകളും പരിഗണിക്കുമെന്ന് നിങ്ങള്‍ പത്രക്കാരോട് പറയുന്നു. നിങ്ങളാരാണ് അതു പറയാന്‍? ആരാണ് നിങ്ങള്‍ അതിനുള്ള അധികാരം തന്നത്?”- കോടതി ചോദിച്ചു.
”നിങ്ങളുടെ ജോലി പത്രക്കാരുടെ അടുത്ത് പോവലല്ല. നിങ്ങള്‍ കോടതിയുടെ ഉദ്യോഗസ്ഥരാണ്. എന്‍.ആര്.സി തയ്യാറാക്കണമെന്ന ജോലി നല്കപ്പെട്ടവരാണ്. നിങ്ങള്‍ക്ക് ഒരുപാട് ജോലി ചെയ്യാനുണ്ടെന്നോര്ക്കണം”- കോടതി ശാസിച്ചു.
പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുന്ന ‘സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍’ 16ന് സമര്‍പ്പിക്കാനിരിക്കേയാണ് ഇതുമറികടന്നുള്ള പ്രസ്താവനകള്‍ ഉണ്ടായതെന്നും കോടതി പറഞ്ഞു. കുറേ ജോലികള്‍ ബാക്കിയുള്ളതു കൊണ്ടു മാത്രം വെറുതെ വിടുകയാണെന്നും ഒടുവില്‍ കോടതി പറഞ്ഞു.
ഹജേലയ്ക്കും സൈലേഷിനും മുന്നറിയിപ്പു നല്‍കിയെന്നും ബെഞ്ചിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ എന്‍.ആര്.സി സംബന്ധിച്ച് ഇരുവരും ഒരു പ്രസ്താവനയും നടത്തരുതെന്നും കോടതി രേഖപ്പെടുത്തി.
Comments are closed for this post.