ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഇന്ത്യയില്‍ 20 നും 70 നും ഇടയില്‍ പ്രായമുള്ളവരില്‍ 8.7 ശതമാനം പ്രമേഹരോഗികളുള്ളത് ഒരു വെല്ലുവിളിയാണ്. ഈ അവസ്ഥ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുന്നു. ചികിത്സിച്ചില്ലെങ്കില്‍, കണ്ണുകള്‍, ഹൃദയം, വൃക്കകള്‍, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവയെ ബാധിക്കും.
പ്രമേഹം, അല്ലെങ്കില്‍ പ്രീഡയബറ്റിസ് ഉള്ളവര്‍, ചില ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഉള്ളവയുടെ ഉപയോഗം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന് നിര്‍ദേശിക്കാറുണ്ട്. പ്രമേഹ രോഗികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ് ചക്ക. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് ചക്ക. ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ഇവ. ചക്കയില്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ഭക്ഷ്യയോഗ്യമായ ചക്കയുടെ ഒരു ചുളയില്‍ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രൊട്ടീന്‍, ഒരു ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ചക്ക ഏതാണ്ട് 95 കിലോ കലോറി ഊര്‍ജം സമ്മാനിക്കും. ഇതുകൂടാതെ വിറ്റാമിനുകളായ എ, സി എന്നിവയും പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, മെഗ്‌നീഷ്യം, സോഡിയം തുടങ്ങിവയവും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ചക്ക കഴിച്ചാല്‍ പ്രമേഹം ഇല്ലാതാകുമോ? പ്രമേഹരോഗികള്‍ക്ക് ചക്ക കഴിക്കാമോ? പല തരം സംശയങ്ങളാണ് ചക്കയുമായി ബന്ധപ്പെട്ട് ഉയരുന്നത്. പ്രമേഹം കുറയ്ക്കാന്‍ ചക്കയ്ക്ക് കഴിവുണ്ട്. പക്ഷേ അത് പഴുത്ത ചക്കയെ ഉദ്ദേശിച്ചല്ല. പച്ചച്ചക്ക കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. കാരണം, പച്ചച്ചക്കയില്‍ അന്നജത്തിന്റെ അളവ് കുറവായിരിക്കും. ധാന്യങ്ങളെക്കാള്‍ ഇതില്‍ അന്നജം 40% കുറവാണ്. കലോറിയും ഏതാണ്ട് 35–40% കുറവാണ്. കൂടാതെ പച്ചച്ചക്കയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതാഗിരണത്തെ തടയും. പച്ചച്ചക്കയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സും കുറവാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക കഴിക്കാം.
എന്നാല്‍ പച്ചച്ചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയില്‍ പഞ്ചസാരയുടെ അളവ് പതിന്‍മടങ്ങാണ്. അതായത് പഴുത്ത ചക്കയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Comments are closed for this post.