2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ഉച്ചകോടിക്ക് ഡൽഹിയെ ജയിലാക്കേണ്ടതുണ്ടോ


സെപ്റ്റംബർ 9,10 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ പേരിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയും ലോക്ക്ഡൗണും കൊണ്ട് രാജ്യ തലസ്ഥാന നഗരമായ ഡൽഹിയെ കത്രികപ്പൂട്ടിട്ട് വച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പ്രഗതി മൈതാനിലെ പുതുതായി നിർമിച്ച ഭാരത് മണ്ഡപം കൺവൻഷൻ സെന്ററിലാണ് യോഗം നടക്കുന്നത്. വിവിധ രാജ്യത്തലവൻമാരും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായി 30 പേരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുമായി 14 പേരുമാണ് പങ്കെടുക്കുക. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ ഉൾപ്പെടെ നിരവധി രാഷ്ട്രത്തലവൻമാരും നയതന്ത്രജ്ഞരും യോഗത്തിനെത്തുന്നുണ്ട്. യോഗത്തിന്റെ പേരിൽ ഇന്നലെ മുതൽ സെപ്റ്റംബർ 12 വരെ ഡൽഹിയിൽ 144 പ്രഖ്യാപിച്ചു. ഇതോടെ അഞ്ചിലധികം ആളുകൾ കൂടുന്നത് പൊലിസിന് തടയാം. ഡ്രോണുകൾ പറത്തുന്നതിനും മറ്റു പറക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.


എട്ടുമുതൽ 10 വരെയുള്ള ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. അന്നേ ദിവസം ബസുകൾ ഓടില്ല. ന്യൂഡൽഹി ജില്ലയിൽ നിരത്തുകളിൽ ഓട്ടോറിക്ഷകളും ടാക്സികളും കാണരുതെന്ന് ഉത്തരവുണ്ട്. പ്രധാന റോഡുകളിൽ ആംബുലൻസ് അല്ലാതെ മറ്റൊന്നുമുണ്ടാകില്ല. ഡൽഹിയിലെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള എല്ലാ കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മുനിസിപ്പൽ സ്ഥാപനങ്ങളും എട്ടുമുതൽ 10 വരെ അവധിയായിരിക്കും. കടുത്ത ട്രാഫിക് നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ല്യൂട്ടൻ മേഖലയിൽ കൂടുതൽ നിയന്ത്രണമുണ്ട്. നാലു ദിവസം ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റു അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾ മാത്രമേ ഡൽഹിയിലേക്ക് കടത്തിവിടുന്നുള്ളൂ. ആർക്കും ഡൽഹിക്ക് പുറത്തു പോകാം. എന്നാൽ ഡൽഹിയിലേക്ക് പ്രവേശിക്കാൻ കഴിയില്ല.


നഗരത്തിലെ തെരുവുകച്ചവടക്കാരെ ഇതിനകം ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. തെരുവിൽ ജീവിക്കുന്നവരെയും യാചകരെയും ഒഴിപ്പിക്കുന്ന നടപടിയും തുടങ്ങി. നേതാക്കൾ അതത് രാജ്യങ്ങളിലേക്ക് തിരിച്ചുപോകുന്ന 10,11 തീയതികളിൽ ട്രാഫിക് നിയന്ത്രണങ്ങൾ കൂടുമെന്നാണ് കരുതുന്നത്. മെട്രോ സർവിസ് സാധാരണപോലെ നടക്കുമെങ്കിലും സുപ്രിംകോടതി, ഖാൻ മാർക്കറ്റ്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നീ സ്റ്റേഷനുകൾ സെപ്റ്റംബർ 8 മുതൽ 10 വരെ താൽക്കാലികമായി അടച്ചിടും.


കടകൾ നേരത്തെ അടക്കാനുള്ള ഉത്തരവ് പലയിടത്തും പൊലിസ് രാജിലേക്ക് നീങ്ങിയിരിക്കുകയാണ്. നിയന്ത്രണങ്ങളുടെ കെടുതികൾക്കൊപ്പം വിലക്കയറ്റത്തിന്റെ പിടിയിലുമാണ് ഡൽഹി. അതിർത്തികളിൽ ഭക്ഷ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ലെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലേക്കുള്ള അവശ്യവസ്തുക്കളുടെ ഒഴുക്ക് കുറഞ്ഞു. ഇതോടെയാണ് വിലക്കയറ്റം ഡൽഹിയിൽ പിടിമുറുക്കിയത്. അവശ്യവസ്തുക്കളുടെ വില കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പെട്ടെന്നാണ് ഉയർന്നത്.


ജനജീവിതത്തിന് മാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യത്തിനും ഡൽഹിയിൽ വിലങ്ങിട്ടിരിക്കുകയാണ്. ഡൽഹിയിൽ പൊതുപരിപാടികൾക്കും വിലക്കുണ്ട്. കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ പഠനകേന്ദ്രമായ സുർജിത് ഭവനിൽ അടച്ചിട്ട മുറിയിൽ നടത്തിയ സെമിനാർ ഡൽഹി പൊലിസ് തടഞ്ഞിരുന്നു. പാർട്ടിയുടെ പഠന ക്ലാസ് തടസപ്പെടുത്താനും ശ്രമിച്ചു. പൊലിസ് അനുമതിയില്ലാതെ സ്വകാര്യസ്ഥലത്തെ അടച്ചിട്ട മുറിയിലുള്ള ക്ലാസുകൾ പോലും വേണ്ടെന്നാണ് പൊലിസ് ഉത്തരവ്. സർവകലാശാലകൾ നടത്താൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ സെമിനാറുകൾ വരെ റദ്ദാക്കി. ഒരു പരിപാടികളും നടത്തിപ്പോകരുതെന്നാണ് സർവകലാശാലകൾക്ക് പൊലിസ് നിർദേശം നൽകിയിരിക്കുന്നത്. ജി 20 യോഗത്തിന് രാജ്യം ആതിഥ്യം വഹിക്കുന്നുവെന്നത് അഭിമാനകരമാണ്. എന്നാൽ ഒരു ഉച്ചകോടിയുടെ പേരിൽ 32,941,000 പേർ ജീവിക്കുന്ന നഗരത്തെ ജയിലാക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയും തെരുവിൽ ജീവിക്കുന്നവരെ ആട്ടിപ്പായിക്കുകയും ചെയ്യുന്നതുകൊണ്ട് സർക്കാർ എന്താണ് ലക്ഷ്യമാക്കുന്നത്.


ഈ ജി20 യോഗം വിജയകരമായി നടത്തുന്നതിലൂടെ രാജ്യത്തിന്റെ ത്രിവർണ പതാക ലോകത്തിന്റെ ഉയരെ പറക്കാൻ ബുദ്ധിമുട്ടുകൾ സഹിച്ച് എല്ലാവരും സഹകരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിന് വിലമതിക്കുന്നവരാണ് ലോകസമൂഹം. കൊവിഡ് കാലത്തുപോലും യൂറോപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയെന്നത് അവർക്ക് ചിന്തിക്കാൻ സാധിക്കാത്ത കാര്യമായതുകൊണ്ടാണ്. എല്ലാ വിദേശപ്രതിനിധികളും അവരുടെ കുടുംബവുമായാണ് രാജ്യത്തെത്തുന്നത്. അവരാകട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങളും മാർക്കറ്റുകളും സന്ദർശിക്കാനും രാജ്യത്തെ ഭക്ഷണവും സംസ്‌കാരവും ആസ്വദിക്കാനും ആഗ്രഹിക്കും. ഡൽഹിയിലെ ഷോപ്പിങ്മാളുകളും കടകളും പരമ്പരാഗത മാർക്കറ്റുകളും അടച്ചിട്ടാൽ അതെങ്ങനെയാണ് സാധ്യമാകുക.


ചാന്ദ്നി ചൗക്ക്, കരോൾ ബാഗ്, ഖാൻ മാർക്കറ്റ്, സരോജിനി നഗർ, കമലാ നഗർ തുടങ്ങിയവയെല്ലാം ഡൽഹിയിലെ ചരിത്രം തുളുമ്പുന്ന പുരാതന മാർക്കറ്റുകളാണ്. സർക്കാർ അതിനെ പൈതൃക കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ അവർക്ക് മുന്നിൽ വയ്ക്കാനായില്ലെങ്കിൽ പിന്നെന്തിനാണ് ഇവയെല്ലാം. വിമാനത്താവളത്തിൽ നിന്ന് പട്ടാളത്തിന്റെ അകമ്പടിയോടെ ഹോട്ടലിലേക്ക് കൊണ്ടുപോയി അവിടെനിന്ന് യോഗസ്ഥലത്തേക്കും പൊലിസ് അകമ്പടിയിൽ തടവുകാരെപ്പോലെ കൊണ്ടുപോകുന്നത് അവർ ആസ്വദിക്കണമെന്നില്ല. സുരക്ഷയൊക്കെ ആവാം. എന്നാൽ, അത് രാജ്യത്തിന്റെ അതിഥികളെ ഇവിടെ തടവുകാരാക്കിക്കൊണ്ടാകരുത്. രാജ്യത്തെയും സംസ്‌കാരത്തെയും അവർക്ക് തുറന്നുകാണാനും പഠിക്കാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഒരുക്കേണ്ടത്. ഇന്ത്യയെ അവർക്ക് മുന്നിൽ തുറന്നുവച്ചു കൊടുക്കൂ. അത് രാജ്യത്തിന്റെ അന്തസ് വർധിപ്പിക്കുകയേയൂള്ളൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.