2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗുരുഗ്രാമില്‍ ജനവാസ മേഖലയിലെ കടകള്‍ക്കും കുടിലുകള്‍ക്കും തീയിട്ടു

ഗുരുഗ്രാമില്‍ ജനവാസ മേഖലയിലെ കടകള്‍ക്കും കുടിലുകള്‍ക്കും തീയിട്ടു

ന്യൂഡല്‍ഹി: ഹരിയാനയിലെ നുഹിലെ അക്രമ പരമ്പരകള്‍ക്കു പിന്നാലെ ഗുരുഗ്രാമിലും അഴിഞ്ഞാടി അക്രമികള്‍. തലസ്ഥാനത്തു നിന്ന് 20 കിലോമീറ്റര്‍ ദൂരം പോലുമില്ലാത്ത ഗുരുഗ്രാമില്‍ ഇന്നലെ അക്രമികള്‍ കടകള്‍ക്കും ആളുകളുടെ കുടിലുകള്‍ക്കും തീയിട്ടു. ചൊവ്വാഴ്ചയുണ്ടായ അക്രമങ്ങള്‍ക്ക് പിന്നാലെ കുപ്പികളിലും മറ്റും പെട്രോളോ ഡീസലോ വില്‍പന നടത്തുന്നത് ഉള്‍പെടെ ജില്ലയിലുടനീളം നിരവധി നിരോധന ഉത്തരവുകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തി.

അതേസമയം, ഇടയ്ക്കിടെ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്നല്ലാതെ കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ‘ഇന്ന് ചില തീവെപ്പ് സംഭവങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല,’ പൊലിസ് പറയുന്നു.

ഹരിയാനയില്‍ പള്ളിക്ക് തീയിട്ട് ഹിന്ദുത്വര്‍; ഇമാം വെന്ത് മരിച്ചു, മറ്റൊരാള്‍ക്കും പരുക്ക്

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുഗ്രാമിലെ വിവിധ ഓഫിസുകളിലെ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളും പൊലിസ് നിഷേധിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് പൊലിസിന്റെ പ്രതികരണം. നഗരത്തിലെ എല്ലാ ഓഫിസുകളും സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പൊലിസ് അറിയിച്ചു.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുകയാണ്. എല്ലാ ഓഫീസുകളും സാധാരണപോലെ തുറന്ന് പ്രവര്‍ത്തിക്കും. ഗുരുഗ്രാമില്‍ ഒരിടത്ത് സഞ്ചരിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ദയവായി ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും പൊലിസ് അഭ്യര്‍ഥിച്ചു.

ഗുരുഗ്രാമില്‍ ആഗസ്റ്റ് നാല് വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരണം നടന്നിരുന്നു. സംഘര്‍ഷം കാരണം ജീവനക്കാരോട് നേരത്തെ ഓഫിസില്‍ നിന്നും മടങ്ങാന്‍ നിര്‍ദേശിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഓഫീസ് ജീവനക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇതുവരെ ഹരിയാനയില്‍ നടന്ന കലാപത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.