
മുംബൈ: ഒരു രാഷ്ട്രം, ഒരു ഭാഷ എന്ന അമിത് ഷായുടെ ആശയത്തെ പിന്തുണച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇന്ത്യയിലുടനീളം ഹിന്ദി സംസാരിക്കുന്നുണ്ടെന്നും ആശയത്തിന് സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുകയും ഭാഷ പഠിച്ചാല്‍ ജോലി ലഭിക്കുമെന്ന അവകാശ വാദങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ ചോദ്യത്തിന് മറുപടിയായാണ് റാവത്തിന്റെ പരാമര്‍ശം.
എല്ലായിടത്തും ഒരു ഭാഷയെന്ന വെല്ലുവിളി കേന്ദ്രമന്ത്രി അമിത് ഷാ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് മന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തന്റെ പാര്‍ട്ടി എപ്പോഴും ഹിന്ദിയെ ബഹുമാനിക്കുന്നുണ്ടെന്ന് റാവത്ത് പറഞ്ഞു.
‘സഭയില്‍ അവസരം കിട്ടുമ്പോഴെല്ലാം ഞാന്‍ ഹിന്ദിയിലാണ് സംസാരിക്കുന്നത്. കാരണം ,ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് രാജ്യം കേള്‍ക്കണം, ഹിന്ദി രാജ്യത്തിന്റെ ഭാഷയാണ്. സ്വീകാര്യതയുള്ളതും. രാജ്യം മുഴുവന്‍ സംസാരിക്കുന്നതുമായ ഒരേയൊരു ഭാഷ ഹിന്ദിയാണ്. ‘- റാവത്ത് പറഞ്ഞു.
ഹിന്ദി സിനിമാ വ്യവസായം രാജ്യത്തും ലോകത്തും സ്വാധീനമുള്ളതാണെന്നും ഒരു ഭാഷയെയും അപമാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.