
ദുബൈ: സഊദിയിൽ വിദേശ എണ്ണ ടാങ്കറിന് നേരെ സ്ഫോടനം നടന്നതായി റിപ്പോർട്ട്. കപ്പൽ കമ്പനിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെയോടെ ജിദ്ദ തുറമുഖത്ത് തങ്ങളുടെ ബി ഡബ്ലിയു റൈൻ കപ്പലിനെ നേരെ അജ്ഞാത സ്ഫോടനം നടന്നതായാണ് സിംഗപ്പൂർ ആസ്ഥാനമായുള്ള ടാങ്കർ കമ്പനി ഹഫ്നിയ വ്യക്തമാക്കിയത്. സ്ഫോടനത്തെ തുടർന്ന് തീപിടുത്തവും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. എന്നാൽ സംഭവത്തെ കുറിച്ച് സഊദിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.
ടാങ്കർ ജീവനക്കാർ തീ അണച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കമ്പനി തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കി. കപ്പലിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കപ്പലിൽ നിന്ന് എണ്ണ ചോർച്ചക്ക് സാധ്യതയുണ്ടെന്നും പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. നിലവിൽ ടാങ്കറിലെ എണ്ണയുടെ അളവ് സംഭവത്തിന് മുമ്പുള്ള അതേ നിലയിലാണെന്നാണ് സൂചിപ്പിക്കുന്നതെന്നും കമ്പനി അറിയിച്ചു.
80,000 ടൺ ലൈറ്റ്, മിഡിൽ ഡിസ്റ്റിലേറ്റ് എണ്ണ ഉൽപ്പന്നങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് ബി ഡബ്ലിയു റൈൻ എണ്ണ ടാങ്കർ. അന്താരാഷ്ട്ര കപ്പൽ ഡാറ്റ കണക്കുകൾ പ്രകാരം ഡിസംബർ ആറിന് ജിദ്ദക്കടുത്ത യാമ്പു പോർട്ടിൽ നിന്ന് 60,000 ടൺ പെട്രോളിയം കയറ്റിയതയാണ് കാണിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ആകെ ശേഷിയുടെ 84 ശതമാനം വരുമിത്.
നേരത്തെയും സഊദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെയും വിദേശ എണ്ണ കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും അക്രമണങ്ങളുടെ ഉത്തരവാദിത്വം യമനിലെ ഇറാൻ അനുകൂല ഹൂതികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ശുഖയ്ഖ് ആക്രമണത്തിനു മൂന്നാഴ്ചയ്ക്കുള്ളിലാണ് വീണ്ടും എണ്ണ സംവിധാനത്തിന് നേരെ ആക്രമണം ഉണ്ടായത്.