2022 June 29 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തിരികെ തരുമോ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ബാല്യത്തെ….

 

ഷിജിത്ത് കാട്ടൂര്‍

കൊഴിഞ്ഞുവീഴുന്ന ഓരോ ഇലകളും ഓരോ ഓര്‍മകളാണ്. ആ മരത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്ന് അടര്‍ന്നുവീഴുന്ന ഇലകള്‍ക്കറിയാമെങ്കിലും ഇലകള്‍ പിന്നെയും പറന്നുകൊണ്ടിരിക്കും, തങ്ങളുടേതായിരുന്ന ശിഖരങ്ങളില്‍ ഇനിയും ചേക്കാറാനാകുമോയെന്ന മോഹവുമായി. എന്നാല്‍, പാറിനടക്കുന്ന ഇലകളെല്ലാം ഓരോ ഓര്‍മപ്പെടുത്തലുകളാണ്. ബന്ധനത്തില്‍നിന്നു മോചിതമായെന്ന ആഹ്ലാദത്തോട അവ പറന്നുനടക്കും, പിന്നെയെപ്പോഴോ, ചേര്‍ത്തുനിര്‍ത്തിയിരുന്ന ശിഖരങ്ങളിലേക്ക് വീണ്ടുമടുക്കാന്‍ കൊതിക്കും…
വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ഓര്‍മകളുടെ വഴിയില്‍ ഇങ്ങനെ ഇലകളെ പോലെ നില്‍ക്കുകയാണ്. കഴിഞ്ഞുപോയ ബാല്യത്തിന്റെ പൂമരക്കൊമ്പിലേക്ക് ഒരിക്കല്‍കൂടി ചാടിക്കയറാനും പൂക്കളെ ഉതിര്‍ത്തിടാനും കൊതിക്കുന്ന ബാല്യത്തെ ഇനിയെങ്ങിനെ പുറത്തെടുക്കും…

ഓര്‍മകള്‍ ശക്തമായ തിരിയിളക്കമായി മനസിനെ വല്ലാതെ മഥിച്ചുതുടങ്ങുമ്പോഴാണ് നഷ്ടങ്ങളെ കുറിച്ച് ഓര്‍ത്തുപോകുക.
ഓര്‍മയുണ്ടല്ലോ, നമുക്ക് ഓരോരുത്തര്‍ക്കും…നമ്മുടെ ബാല്യത്തെ കുറിച്ച്, നമ്മുടെ കൗമാരത്തെ കുറിച്ച്…
പിന്നെ, നമ്മള്‍ കളിച്ചും പിണങ്ങിയും ഇണങ്ങിയുമെല്ലാം നടന്ന നാട്ടുവഴികളെ കുറിച്ച്…
അങ്ങിനെയെന്തെല്ലാം ഓര്‍മകള്‍…

ഓര്‍മകളുടെ ഈ കൂടിച്ചേരലാണ് പൂര്‍വവിദ്യാര്‍ഥി സംഗമങ്ങള്‍…ഒപ്പം ബാല്യത്തെ വീണ്ടും കൈപിടിച്ചുകയറ്റലുമാണ്. ഒരുമിച്ചുപഠിച്ചവര്‍ ഒരുമിച്ച് ചേരുമ്പോള്‍ അവിടെ പ്രായം തോറ്റോടുന്നത് കാണാം. ഉള്ളിലെ കുട്ടിത്തങ്ങള്‍ നമ്മള്‍ പോലുമറിയാതെ നമ്മിലേക്ക് പാല്‍ത്തിരപോലെ ഇടിച്ചുകയറി വരുന്നത് കാണാം…

അങ്ങിനെയാണ് ഞങ്ങള്‍ കണ്ണൂര്‍ പരിയാര? കെ.കെ.എന്‍.പരിയാരം ഗവ.ഹൈസ്‌കൂളിലെ 1992 -93 എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥികള്‍ ഒരുമിച്ച് ചേര്‍ന്നത്. പഴയ ഓര്‍മകളുമായി ഒത്തുചേര്‍ന്നവര്‍ പഴയതിനൊപ്പം ആഹ്ലാദകരമായ പുതിയ അനുഭവങ്ങളെ കൂടി ചേര്‍ത്തുവച്ചാണ് മടങ്ങിയത്. സ്‌കൂളിന്റെ പതിവ് അന്തരീക്ഷത്തില്‍നിന്നുമാറി കോട്ടക്കീല്‍ ഏഴിലം കണ്‍വന്‍ഷന്‍ സെന്ററിലെ ഒരുദിനം അവിസ്മരണീയമായ അനുഭവമാണ് നല്‍കിയത്.

ശ്രദ്ധിച്ചു നോക്കൂ, എന്തൊരാനന്ദമാണിത്. അതെ നമ്മളിപ്പോള്‍ ആ പഴയ കാലത്ത് നില്‍ക്കുകയല്ലേ…നമുക്കൊപ്പം അവരുമില്ലേ…നമ്മുടെ കളിക്കൂട്ടുകാര്‍…ഇത്തിരി മാറ്റം തോന്നുന്നുണ്ടല്ലേ, അതൊത്തിരി കാലമായതു കൊണ്ട് തോന്നുന്നതാ…
മനംനിറക്കുന്ന ചില ഓര്‍മകള്‍ ഓടിയെത്തുമ്പോഴാണ് ചില കാലങ്ങളില്‍ നാം ജീവിച്ചിരുന്നുവെന്ന ബോധ്യമുണ്ടാകുന്നത്. ചില പ്രയാസങ്ങളിലും വേദനകളിലും ഒരു സാന്ത്വനമായി ഈ ഓര്‍മകളെത്തുമ്പോഴാണ് കളിചിരിയുടെയും സൗഹൃദത്തിന്റെയും ഒരുകാലം നമുക്കുണ്ടായിരുന്നുവെന്ന ഓര്‍മയുണ്ടാകുന്നത്. പൂര്‍വവിദ്യാര്‍ഥിസംഗമങ്ങള്‍ വെറും സംഗമങ്ങള്‍ മാത്രമാകാതെ സൗഹൃദത്തിന്റെ വെച്ചുമാറലുകളിലൂടെ പഴയകാലത്തിന്റെ വീണ്ടെടുപ്പുകളാണ് സാധ്യമാക്കുന്നത്.

അങ്ങിനെ ഓര്‍മകളുടെ നെല്ലിമരച്ചുവട്ടിലേക്ക് ഞങ്ങള്‍ മഞ്ചാടിക്കൂട്ടമെത്തിയതും ഒരുപിടി ഓര്‍മകളുമായാണ്. കുചേലന്‍ കൊണ്ടുവന്ന അവില്‍പ്പൊതി പോലെ ചിലര്‍ക്കെങ്കിലും സ്വയം വെളിച്ചത്തുവരാന്‍ മടിയായിരുന്നു. എന്നാല്‍, ‘മഞ്ചാടിക്കൂട്ട’ത്തില്‍ എല്ലാവര്‍ക്കും ഒരേമനസല്ലേ, ഒരേ പ്രായമല്ലേ….ഭൂതകാലത്തിന്റെ ഇടനാഴികളില്‍ ഒരിക്കലും തിരിച്ചുകിട്ടാത്തവിധം വീണുപോയെന്ന് കരുതിയ ഓര്‍മകള്‍…വളപൊട്ടുകളും മയില്‍പ്പീലിത്തണ്ടുകളും സൂക്ഷിച്ചുവച്ച കുട്ടിത്തങ്ങളുടെ കാലം… ഇടവഴിയില്‍നിന്നു ശേഖരിച്ച വെള്ളാംകുടിയനെ സ്ലേറ്റ് പെന്‍സിലിനു പകരം വിറ്റ കുട്ടിക്കച്ചവടത്തിന്റെ വിരുതുകള്‍…അങ്ങിനെ എന്തെല്ലാം ഓര്‍മകള്‍…
ഇടവേളകളില്‍ കൂട്ടുകാരില്‍നിന്നു ലഭിക്കുന്ന മിഠായിത്തുണ്ടുകള്‍ക്ക് പിന്നീട് കഴിച്ച ഒരു ചോക്കലേറ്റിന്റെയും മധുരം ലഭിച്ചിട്ടുണ്ടാകില്ല. ഓരോ മിഠായിത്തുണ്ടിലൂടെയും അന്ന് നുണഞ്ഞത് സൗഹൃദത്തിന്റെ മധുരമായിരുന്നു.

പകരം വെക്കാനില്ലാത്ത ആ അതിമധുരം നമ്മുടെ ബാല്യം തന്നെയാണല്ലോ…
അമൂല്യമായ ആ ബാല്യത്തിന്റെ വീണ്ടെടുപ്പായിരുന്നു മഞ്ചാടിക്കൂട്ടത്തിന്റെ ഒത്തുചേരല്‍.
ക്ലാസുകളുടെ ഇടവേളയില്‍ കൂട്ടുകാര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ സമീപത്തെ വീടുകളിലും നമ്മള്‍ അവരുടെ കുട്ടികള്‍ തന്നെയായിരുന്നു. ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ പോയിരുന്നപ്പോള്‍ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയ അമ്മമാരും ചേച്ചിമാരും നമ്മുടെ സ്‌കൂള്‍ നല്‍കിയ സ്‌നേഹത്തിന്റെ പാഠങ്ങള്‍ തന്നെയാണ്. ക്ലാസ് റൂമില്‍ മകനെയോ മകളെയോ എന്ന പോലെ ചേര്‍ത്തുനിര്‍ത്തിയ ടീച്ചര്‍മാര്‍ നല്‍കിയ മാതൃവാത്സല്യത്തിന്റെ മധുരം പറഞ്ഞറിയിക്കാനാകുമോ…

ആരാകണം എന്ന ചോദ്യത്തിന് അന്ന് ഉത്തരമുണ്ടായിരുന്നില്ല. വിശാലമായ ലോകത്തില്‍ എന്താകണമെന്ന് അറിയില്ലായിരുന്നു. മുന്‍വിധികളൊന്നുമില്ലെങ്കിലും നാളെ നിങ്ങള്‍ ‘ഒരാളാ’കണമെന്ന ഉപദേശം കേള്‍ക്കുമ്പോള്‍ അപ്പോ, ഇന്നെന്താ നമ്മള്‍ ആളല്ലേ എന്ന് സംശയിച്ചുപോയിട്ടുണ്ട്. ഉപദേശങ്ങളുടെ അര്‍ഥങ്ങള്‍ പിന്നെയും വൈകിയാണ് മനസില്‍ പതിഞ്ഞത് എന്നുമാത്രം.
ഇഷ്ടപ്പെടാത്ത വിഷയങ്ങളിലൂടെ അധ്യാപകരെയും ഇഷ്ടപ്പെടാത്ത അധ്യാപകരിലൂടെ വിഷയങ്ങളെയും വെറുത്തുപോയിട്ടുണ്ടാകും. പിന്നെ, അതേ അധ്യാപകരെ ആദരവോടെ കാണുകയും സ്‌നേഹിക്കുകയും ചെയ്യാന്‍ പഠിപ്പിച്ചതും അവരിലൂടെ തന്നെ.
സ്‌കൂളിനു മുന്നില്‍ തണല്‍വിരിച്ചു നില്‍ക്കുന്ന നാട്ടുമാവ് മുതല്‍ പാടങ്ങളും തോട്ടുംകരകളുമെല്ലാം ചങ്ങാതിമാര്‍ തന്നെയായിരുന്നു.
എന്നും കാണാന്‍ കൊതിച്ച മുഖം, എന്നും കാണാനായി കാത്തിരുന്നത് എത്രയെത്ര മണിക്കൂറുകളാണ്, എത്രയെത്ര നാളുകളാണ്…കാണുമ്പോള്‍ മനസിലെന്താണ് ഇത്ര പെരുപെരുപ്പ് എന്നറിയാതെ വേവലാതി പൂണ്ട നാളുകളെത്ര…
തിരിച്ചറിയപ്പെടാതെ പോയ ആ വികാരങ്ങള്‍ എന്തായിരുന്നുവെന്നറിയാന്‍ പിന്നെയും വര്‍ഷങ്ങള്‍ എത്രയെടുത്തു….
പ്രിയപ്പെട്ടവള്‍ക്ക് നല്‍കാനുള്ള കുറിമാനങ്ങള്‍ പലവട്ടം വായിച്ചു തൃപ്തിപ്പെട്ടിട്ടും ഒരിക്കല്‍ പോലും നല്‍കാനാകാതെ നിരാശപ്പെട്ട് നടന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് എത്രയോ വട്ടം തോന്നിയിട്ടുണ്ട്…
ഒരേസമയം ആഗ്രഹവും നിരാശയും നല്‍കിയ ഇടംകൂടിയായിരിക്കും നമ്മുടെ വിദ്യാലയമുറ്റങ്ങള്‍.
കാലങ്ങള്‍ക്കിപ്പുറം നിന്ന് നമ്മള്‍ ആ കാലത്തേക്ക് നോക്കുകയാണ്.
പ്രിയപ്പെട്ട ബാല്യമേ, തിരികെ വിളിക്കുമോ, നീ ഞങ്ങളെ നിന്റെ മടിയിലേക്ക്….
തിരികെ നല്‍കുമോ, നീ ഞങ്ങളുടെ സ്വപ്‌നങ്ങളെയും പ്രണയത്തെയും….


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.