അക്ഷര്‍ധാം മാതൃകയില്‍ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ (ബാപ്‌സ് ഹിന്ദു മന്ദിര്‍ ) നിര്‍മാണ പുരോഗതി വിലയിരുത്തി സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മന്ത്രി (Minister of Tolerance and Coexistence) ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്‌യാന്‍. ബാപ്‌സ് ഹിന്ദു മന്ദിറിന്റെ തലവന്‍ സ്വാമി ബ്രഹ്മവിഹാരി ഹരിദാസുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. യുഎഇയിലെ ഒമാന്‍ അംബാസഡര്‍ ഡോ അഹമ്മദ് ബിന്‍ ഹിലാല്‍ അല്‍ബുസൈദി, അബുദാബിയിലെ പരമ്പരാഗത ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കുന്ന സംഘടനയായ ആഅജട സ്വാമിനാരായണന്‍ സന്‍സ്തയുടെ ഉന്നത പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ മതിപ്പ് പ്രകടിപ്പിച്ച നഹ്‌യാന്‍ മൂല്യങ്ങള്‍, ഐക്യം, സാംസ്‌കാരിക സമ്പുഷ്ടീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി. ‘ഈ ക്ഷേത്രം ലോകത്തിലെ അദ്ഭുതങ്ങളില്‍ ഒന്നായിരിക്കും’- അദ്ദേഹം പറഞ്ഞു. യു.എ.ഇ ഭരണകൂടത്തിന്റെ നിലപാടിന് സ്വാമി ബ്രഹ്മവിഹാരിദാസ് നന്ദി പറഞ്ഞു. ഫെബ്രുവരി 2024ന് ക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബോച്ചസന്‍ നിവാസിയായ അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്തയുടെ പേരില്‍ അബുദാബിയില്‍ 45 കോടി ദിര്‍ഹം (ഏകദേശം 888 കോടി രൂപ) ചെലവിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. അബുദാബിയിലെ അബു മുറൈഖയില്‍ 27 ഏക്കറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഫൗണ്ടേഷന്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് അബുദാബി ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രോജക്ട് എന്‍ജിനീയര്‍ അശോക് കൊണ്ടേട്ടി അറിയിച്ചിരുന്നു. തറയില്‍ നിന്ന് 4.5 മീറ്റര്‍ ഉയരത്തിലാണ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
യു എ ഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഇന്ത്യയുടെയും അറബ് ലോകത്തിന്റെയും പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് നിര്‍മാണം. അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രം നിര്‍മിക്കാന്‍ 20,000 ചതുരശ്ര മീറ്റര്‍ സ്ഥലം നല്‍കിയിരുന്നു.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് യുഎഇ സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 2018ല്‍ ദുബായ് പര്യടനത്തിനിടെ പ്രധാനമന്ത്രി മോദി അവിടെയുള്ള ഓപ്പറ ഹൗസില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്.
Comments are closed for this post.