ദുബൈ: ആരുടേയും കണ്ണ് നനക്കുന്നതായിരുന്നു ആ രംഗങ്ങള്‍. പ്രിയപ്പെട്ട ചങ്ങാതിക്കുതിരയുടെ ജീവനറ്റ ശരീരത്തില്‍ കെട്ടപ്പിടിച്ച് പൊട്ടിക്കരയുന്ന ഒരു കുഞ്ഞുപെണ്‍കുട്ടി. ഇറാഖില്‍ നിന്നുള്ളതായിരുന്നു ആ പെണ്‍കുട്ടി. ഇറാഖിലെ ഏറ്റവും ചെറിയ കുതിരയോട്ടക്കാരിയെന്ന് അറിയപ്പെടുന്ന എട്ടുവയസ്സുകാരി ലാനിയ ഫാഖിര്‍.
മികച്ച പരിശീലനം നേടിയയാളെപ്പോലെയായിരുന്നു കുഞ്ഞു ലാനിയ. അവളുടെ കുതിരപ്രേമം കണ്ട് അഞ്ചാം വയസ്സില്‍ പിതാവ് സമ്മാനിച്ചതാണ് അവള്‍ക്ക് ജെസ്‌നോ എന്ന് പേരുള്ള പെണ്‍കുതിര. പിന്നീട് അവളുടെ എല്ലാമെല്ലാമായി ജെസ്‌നോ. ജോസ്‌നോയൊപ്പമുള്ള നിമിഷങ്ങളായിരുന്നു അവള്‍ക്കേറെ പ്രിയം. ജെസ്‌നോക്കും തിരിച്ചും അങ്ങിനെ തന്നെ. അങ്ങിനെയിരിക്കെയാണ് പെണ്‍കുതിരക്ക് അസുഖം ബാധിക്കുന്നത്. കുതിരയുടെ അടുത്ത് വരരുതെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവള്‍ വകവെച്ചില്ല. പ്രാര്‍ത്ഥനയോടെ അവള്‍ ആ കുതിരയെ രാവും പകലും പരിചരിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. അവള്‍ക്ക് തീരാസങ്കടം സമ്മാനിച്ച് അവളുടെ പ്രിയപ്പെട്ട കുതിര അവളെ വിട്ടു പോയി. കുഞ്ഞുലാനിയക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അത്. അവള്‍ കരഞ്ഞു. പൊട്ടിപ്പൊട്ടിക്കരഞ്ഞു. ചത്തു കിടക്കുന്ന കുതിരയുടെ അടുത്ത് കിടന്ന് കരയുന്ന കുഞ്ഞു ലാനിയയെ ആരോ മൊബൈലില്‍ പകര്‍ത്തി. കുതിരകളോട് സവിശേഷമായ ഇഷ്ടം കാണിക്കുന്ന അറബ് നാടുകളിലെ സമൂഹ മാധ്യമങ്ങളില്‍ മിനിറ്റുകള്‍ക്കകമാണ് വീഡിയോ പ്രചരിച്ചത്.
കുതിരസവാരിയോടുള്ള ലാനിയയുടെ ഇഷ്ടവും കുര്‍ദിസ്ഥാനിലെ മറ്റ് യുവാക്കളെ ഈ കായിക ഇനം പഠിപ്പിക്കാനുള്ള അവളുടെ സ്വപ്നവും പറയുന്ന കഥ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ള പലരെയും സ്പര്‍ശിച്ചു. ഒന്നിന് പകരം രണ്ട് കുതിരകളെ ദുബൈ ഭരണാധികാരി അവള്‍ക്ക് സമ്മാനമായി നല്‍കി. മാത്രമല്ല, അവളുടെ കുതിര സ്‌നേഹത്തിലും അഭിനിവേശത്തിലും ആകൃഷ്ടനായ അദ്ദേഹം ഒരു വ്യക്തിഗത കുതിരസവാരി പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള അവളുടെ സ്വപ്നത്തെ പിന്തുണയ്ക്കാനുംതീരുമാനിച്ചു. ഈ എട്ട് വയസുകാരിയുടെ ആഗ്രഹം പോലെ മറ്റുള്ളവര്‍ക്ക് കുതിരയോട്ടം പഠിപ്പിക്കാന്‍ സ്വദേശമായ ഇറാഖിലെ ഖുര്‍ദിസ്ഥാനില്‍ ഒരു പരിശീലന കേന്ദ്രം നിര്‍മിച്ചുനല്‍കാനുള്ള സഹായമെത്തിക്കാന്‍ ശൈഖ് മുഹമ്മദ് ഉത്തരവിട്ടു. അറിയപ്പെടുന്ന കുതിരപ്രേമിയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം നിരവധി ലോകോത്തര പന്തയ കുതിരകളുടെ കൂടി ഉടമയാണ്.
മകളുടെ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോവുകയാണെന്ന് ഈ വിവരം അറിഞ്ഞ ലാനിയയുടെ പിതാവ് ഫഖില്‍ റസൂല്‍ മുഹമ്മദ് പറഞ്ഞു. അഞ്ച് വയസ്സുള്ളപ്പോള്‍ മുതല്‍ ഒരു കുതിര സവാരിക്കാരനാകുകയും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെപ്പോലുള്ള മഹാനായ വ്യക്തിയില്‍ നിന്ന് ഈ സമ്മാനം നേടുകയും ചെയ്യുക എന്നത് അവളുടെ ഭാഗ്യമാണ്. തന്റെ മകളുമായി ഈ വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. ഷെയ്ഖ് മുഹമ്മദില്‍ നിന്നുള്ള സമ്മാനം നഷ്ടപ്പെട്ട കുതിരയെക്കുറിച്ചുള്ള അവളുടെ സങ്കടം മറികടക്കാന്‍ സഹായിക്കും.
‘എനിക്ക് എന്റെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടു, ഞാന്‍ ഇപ്പോഴും ആപ്പിളും പഞ്ചസാരയുമായി ജെസ്‌നോയുടെ ശവക്കുഴിക്കരികിലേയ്ക്ക് പോകുന്നു. ഞാന്‍ അവളെ മറക്കില്ല, കുതിര സവാരി തുടരുകയും ചെയ്യും. എനിക്ക് മറ്റൊരു കുതിരയെ കിട്ടിയാലും ജെസ്‌നോയോടുള്ള എന്റെ സ്‌നേഹം മരിക്കില്ല’ ലാനിയ പറഞ്ഞു. രാജ്യാന്തര കുതിരസവാരി ഇനങ്ങളില്‍ തന്റെ നാടിനെ പ്രതിനിധീകരിക്കുകയും കുര്‍ദിസ്ഥാനില്‍ നിന്നുള്ള യുവാക്കളെ സവാരി പഠിപ്പിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന ഒരാളെ പോലെ കുഞ്ഞു ലാനിയ പറയുന്നു.
കുതിരകളോടുള്ള ഇഷ്ടത്തിന് പേരുകേട്ടയാളാണ് ഷെയ്ഖ് മുഹമ്മദ്. തന്റെ ആദ്യകാല ഓര്‍മകളിലൊന്ന് തന്റെ പിതാവ് ശൈഖ് റാഷിദ് അല്‍ മക്തൂമിനൊപ്പം മരുഭൂമിയില്‍ കുതിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുതിരയോട്ടം പ്രോത്സാഹിപ്പിക്കുന്ന നിരവധി നടപടികള്‍ ശൈഖ് മുഹമ്മദ് നേരത്തേതന്നെ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്.
Comments are closed for this post.