
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗ മണ്ഡലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ നേരിടാന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്സഹയെ രംഗത്തിറക്കുന്നു. എസ്.പി- ബി.എസ്.പി സഖ്യമാണ് പൂനം സിന്‍ഹയെ കളത്തിലിറക്കുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ടാവും.
ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് ഈയിടെ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്നന്‍ സിന്‍ഹ ബിഹാറിലെ പാട്ന സാഹിബ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
ലഖ്നൗവിലെ സമുദായ പ്രാതിനിധ്യം കൂടി പരിഗണിച്ചാണ് പൂനം സിന്‍ഹയെ സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ പ്രതിപക്ഷ സഖ്യം തീരൂമാനിച്ചത്. നാലു ലക്ഷം കയാസ്ത വോട്ടര്‍മാരും 1.3 ലക്ഷം സിന്ധി വോട്ടര്‍മാരും 3.5 ലക്ഷം മുസ്ലിം വോട്ടര്‍മാരുമാണ് ലഖ്നൗവിലുള്ളത്. കയാസ്ത വിഭാഗക്കാരനാണ് ശത്രുഘ്നന്‍ സിന്‍ഹ, സിന്ധി വിഭാഗക്കാരിയാണ് പൂനം സിന്‍ഹ. ഇതിലൂടെ രണ്ട് വിഭാഗത്തിന്റെയും വോട്ടും എസ്.പി- ബി.എസ്.പി സഖ്യത്തിലൂടെ മുസ്ലിം വോട്ടുകളും നേടാനാണ് ലക്ഷ്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ആ വോട്ടു കൂടി വീഴുന്നതോടെ രാജ്നാഥ് സിങിന്റെ നില പരുങ്ങലിലാവും.
ഏപ്രില്‍ 17ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മേയ് ആറിന് അഞ്ചാം ഘട്ടമായാണ് ലഖ്നൗവില്‍ തെരഞ്ഞെടുപ്പ്.
വാജ്പേയി കാലം മുതല്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് ലഖ്നൗ മണ്ഡലം. വാജ്പേയ്ക്കു ശേഷം ലാല്‍ജി തണ്ടനും 2014 ല്‍ രാജ്നാഥ് സിങും ഇവിടെ നിന്ന് ജയിച്ചു.