2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസും താനും ഫലസ്തീനൊപ്പം, ഇസ്‌റാഈലിനെ ന്യായീകരിച്ചിട്ടില്ലെന്ന് ശശി തരൂര്‍

കോഴിക്കോട്: താനും കോണ്‍ഗ്രസും ഫലസ്തീനൊപ്പമാണെന്നും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിച്ചെന്നും ശശി തരൂര്‍. യാസര്‍ അറഫാത്തുമായി നേരില്‍ കാണാനും സംസാരിക്കാനും പലതവണ അവസരം ലഭിച്ചിട്ടുണ്ട്. ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് കെപിസിസി കോഴിക്കോട്ട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പറഞ്ഞു. ഈ വിഷയത്തിന്റെ ഗൗരവം എനിക്കറിയാം. അതാരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും തരൂര്‍ വ്യക്തമാക്കി.

ഫലസ്തീനിലെ വീടുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, അഭയാര്‍ഥികള്‍ താമസിക്കുന്ന ക്യാപുകളില്‍ ഉള്‍പ്പെടെ ബോംബുകള്‍ വര്‍ഷിച്ച് ജനങ്ങളെ കൊന്നിട്ടുണ്ട്. തകര്‍ന്നുപോയ സ്ഥലങ്ങളുടെ എണ്ണം പോലും അറിയില്ല. സാറ്റലൈറ്റ് ചിത്രങ്ങളൊക്കെ പരിശോധിക്കുമ്പോള്‍, മുന്‍പു കെട്ടിടങ്ങളിരുന്ന സ്ഥലത്ത് ഇപ്പോള്‍ വെറും കല്ലും മണ്ണുമാണ്.

മരിച്ചവരുടെ എണ്ണം വച്ചു നോക്കുമ്പോള്‍ ഈ അടുത്ത കാലത്തു നടന്ന എല്ലാംകൊണ്ടും മോശമായ, നമ്മെ ദുഃഖിപ്പിക്കുന്ന മൃഗീയമായ ആക്രമണമാണിത്. രണ്ടു വര്‍ഷത്തോളമായി നടക്കുന്ന റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തില്‍ 15,000ത്തോളം പേരെ നഷ്ടമായി. അവരെ കൊന്നുവെന്നാണ് നാം പത്രത്തില്‍ വായിക്കുന്നത്. അത് രണ്ടു വര്‍ഷത്തെ കണക്കാണ്. ഗാസയില്‍ ഇത്രയധികം പേര്‍ മരിച്ചത് വെറും 45 ദിവസത്തെ കണക്കാണ്. മനുഷ്യ ജീവിതത്തെ വെറും കണക്കായി എടുക്കുന്ന കാര്യമല്ല ഞാന്‍ പറയുന്നത്. നിങ്ങള്‍ ഈ യുദ്ധത്തിന്റെ തീവ്രത മനസ്സിലാക്കണം.

   

എല്ലാവരും ആവശ്യപ്പെടുന്നത് ഇസ്രയേല്‍ ഈ ആക്രമണം അവസാനിപ്പിക്കണം എന്നാണ്. സമാധാനത്തിനായാണ് എല്ലാവരും സംസാരിക്കുന്നത്. ഈ മഹാറാലിയിലൂടെ നമ്മളും നമ്മുടെ ശബ്ദം ലോകത്തിന്റെ ശബ്ദത്തിനൊപ്പം കേള്‍പ്പിക്കുകയാണ്.
മുന്‍പ് ഇതേ സ്ഥലത്ത് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇതൊരു മുസ്‌ലിം വിഷയം മാത്രമല്ലെന്ന് ആ വേദിയില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഞാന്‍ അന്നു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മനഃപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ 32 മിനിറ്റും 50 സെക്കന്‍ഡും നീളുന്ന പ്രസംഗം ഇപ്പോഴും യുട്യൂബിലുണ്ട്. നിങ്ങള്‍ കേട്ടു നോക്കൂ. ആ പ്രസംഗത്തിലും മുന്‍പും ശേഷവും ഞാന്‍ പറഞ്ഞിട്ടുള്ളത് ഫലസ്തീന്‍ ജനതയ്‌ക്കൊപ്പം എന്നു തന്നെയാണ്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടാണ്. എന്റെയും നിലപാടാണ്. ഞാന്‍ ഒരു തലത്തിലും ഇസ്‌റാഈലിന്റെ ബോംബാക്രമണത്തെ ന്യായീകരിച്ച് ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. അത് ഒരു തരത്തിലും നമുക്ക് പിന്തുണയ്ക്കാനാകാത്തതുമാണെന്ന് തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസും താനും ഫലസ്തീനൊപ്പം, ഇസ്‌റാഈലിനെ ന്യായീകരിച്ചിട്ടില്ലെന്ന് ശശി തരൂര്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.