ഷാർജ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഷാർജ വിമാനത്താവളം വഴി യാത്രചെയ്തത് 28 ലക്ഷത്തിലധികം യാത്രക്കാരെന്ന് ഷാർജ എയർപോർട്ട് അതോറിറ്റിയുടെ (എസ്.എ.എ) കണക്കുകൾ. 30 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഈ കാലയളവിൽ വിമാനത്താവളത്തിലൂടെ കടന്ന് പോയത്. ആകെ പറന്നുയർന്നത് 17,700 യാത്രാ വിമാനങ്ങളാണ്.
ദോഹയിൽ നിന്നാണ് ഏറ്റവും ഉയർന്ന ശതമാനം യാത്രക്കാർ ഷാർജ വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്തത്. ഏകദേശം 124,000 യാത്രക്കാരാണ് ഖത്തറിൽ നിന്ന് യാത്രചെയ്തത്. ധാക്ക, കെയ്‌റോ, തിരുവനന്തപുരം, അമ്മാൻ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 2026-ഓടെ വിമാനത്താവളത്തിന്റെ ശേഷി 20 ദശലക്ഷം (രണ്ട് കോടി) യാത്രക്കാരായി ഉയർത്തുന്നതിനുള്ള നിരവധി വിപുലീകരണ പദ്ധതികൾ നടപ്പിലാക്കിവരികയാണ് ഷാർജ.
ഷാർജ എയർപോർട്ടിനെ മികച്ച അഞ്ച് പ്രാദേശിക വിമാനത്താവളങ്ങളിൽ ഒന്നായി സ്ഥാപിക്കാനുള്ള എസ്.എ.എ യുടെ ശ്രമങ്ങൾ വിജയിക്കുന്നതിന്റെ തെളിവാണ് പുതിയ കണക്കുകൾ. വ്യവസായ രംഗത്തെ പ്രമുഖ സേവനങ്ങളുടെ പിന്തുണയോടെ, യാത്രക്കാർക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം പ്രദാനം ചെയ്യുകയാണ് ഷാർജ വിമാനത്താവളം.
സുസ്ഥിരതയ്ക്കും നവീകരണത്തിനും ഊന്നൽ നൽകി യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്രാനുഭവം പ്രദാനം ചെയ്യാനും പ്രതീക്ഷകൾക്ക് ഒത്ത് ഉയരാനും പരിശ്രമിക്കുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു.
Comments are closed for this post.