മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ, കുഴപ്പിക്കുന്ന പ്രതികരണവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ ശിവസേനയുമൊത്ത് സര്‍ക്കാരുണ്ടാവില്ലെന്ന തരത്തിലാണ് ശരദ് പവാറിന്റെ പ്രസ്താവന.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു തൊട്ടുമുന്‍പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയപരമായി വിപരീതദിശയിലുള്ള ശിവസേനയുമൊത്ത് സഖ്യം വേണ്ടെന്ന നിലപാടിലായിരുന്നു ആദ്യംതന്നെ സോണിയാ ഗാന്ധി. പ്രതിപക്ഷത്തിരിക്കുമെന്നാണ് ശിവസേനയും പറഞ്ഞിരുന്നത്.
എന്നാല്‍ പിന്നീട് ബി.ജെ.പിയുമായി ബന്ധം ഉപേക്ഷിച്ച ശിവസേന എന്‍.സി.പിയും കോണ്‍ഗ്രസുമൊത്ത് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ശക്തമാക്കിയിരുന്നു. പിന്നാലെ യോഗങ്ങള്‍ ചേരുകയുമുണ്ടായി.
എന്നാല്‍ അത്തരത്തിലൊരു നീക്കമില്ലെന്ന തരത്തിലാണ് ഇന്ന് പവാറിന്റെ പ്രതികരണം.
‘ശിവസേന- ബി.ജെ.പി, എന്‍.സി.പി- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വെവ്വേറെയാണ് മത്സരിച്ചത്. നിങ്ങള്‍ക്കെങ്ങനെ അതു പറയാനാവും? അവര്‍ അവരുടേതായ വഴി കാണും. ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം പ്രവര്‍ത്തിക്കും’- സര്‍ക്കാരുണ്ടാക്കുമോയെന്ന ചോദ്യത്തിന് പവാറിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘പവാറുമൊത്ത് സര്‍ക്കാരുണ്ടാക്കുമെന്നാണല്ലോ ശിവസേന പറയുന്നത്?’- മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു.
‘സത്യം?’ എന്നായിരുന്നു പവാറിന്റെ പ്രതികരണം.
Comments are closed for this post.