2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ശരദ് പവാര്‍ പങ്കെടുത്തേക്കില്ല, മകള്‍ സുപ്രിയ സുലെ എത്തും

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ശരദ് പവാര്‍ പങ്കെടുത്തേക്കില്ല, മകള്‍ സുപ്രിയ സുലെ എത്തും

ബംഗലുരു: ബംഗലുരുവില്‍ വെച്ച് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പങ്കെടുത്തേക്കില്ല. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ ആയിരിക്കും യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരായ സംയുക്ത മുന്നണി രൂപീകരിക്കുകയെന്ന ഉദ്ദേശ്യത്തോടെ ചേരുന്ന രണ്ടു ദിവസത്തെ പ്രതിപക്ഷയോഗത്തിന് ഇന്ന് ബംഗളൂരുവില്‍ തുടക്കമാവുകയാണ്. കഴിഞ്ഞമാസം പട്‌നയില്‍ ചേര്‍ന്ന ആദ്യ യോഗത്തിന്റെ തുടര്‍ച്ചയായി ഇന്നും നാളെയും നടക്കുന്ന സമ്മേളനത്തില്‍ എ.എ.പി പങ്കെടുക്കുന്നത് പ്രതിപക്ഷ ക്യാംപിന് പുത്തനുണര്‍വേകി. പട്‌ന യോഗത്തില്‍ പങ്കെടുത്ത 16 കക്ഷികള്‍ ഉള്‍പ്പെടെ 24 പാര്‍ട്ടികളാണ് ബംഗലുരുവിലെത്തുക.

ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെമേലുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രിംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷനിരയോടൊപ്പം ചേരാനുള്ള സന്നദ്ധത എ.എ.പി അറിയിച്ചത്. ഇന്നലെ ചേര്‍ന്ന എ.എ.പി രാഷ്ട്രീയകാര്യ സമിതിയാണ് പ്രതിപക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെ പ്രളയസാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. പാര്‍ട്ടി നിയോഗിക്കുന്ന മുതിര്‍ന്ന നേതാക്കളാകും സംബന്ധിക്കുക. പട്‌ന യോഗത്തില്‍ കെജ് രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സംബന്ധിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഇന്ന്; 24 പാര്‍ട്ടികള്‍ പങ്കെടുക്കും

ഇന്ന് വൈകിട്ട് ആറിനാണ് യോഗം തുടങ്ങുക. രാത്രിയോടെ അവസാനിക്കുന്ന യോഗം നാളെ രാവിലെ 11ന് പുനരാരംഭിക്കും. പട്‌നയില്‍ ക്ഷണം ലഭിക്കാത്ത എട്ട് പ്രാദേശിക പാര്‍ട്ടികളെകൂടി ബംഗളൂരു യോഗത്തിന് ക്ഷണിച്ചതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. യോഗത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് കത്തയച്ചത്.

ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗ് (ഐ.യു.എം.എല്‍), കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി), റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ), കൊങ്കുദേശ മക്കള്‍ കക്ഷി (കെ.ഡി.എം.കെ), വിടുതലൈ ചിരുതൈകള്‍ കക്ഷി (വി.സി.കെ) തുടങ്ങിയ പാര്‍ട്ടികളാണ് പുതിയതായി പ്രതിപക്ഷയോഗത്തില്‍ സംബന്ധിക്കുക. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു എം.ഡി.എം.കെ. പട്‌ന യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ ഒന്നിച്ചുനീങ്ങാനും തുടര്‍ചര്‍ച്ചകള്‍ ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗലുരു യോഗം. നേരത്തെ ഷിംലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം പ്രളയസാഹചര്യം കണക്കിലെടുത്താണ് ബംഗലുരുവിലേക്ക് മാറ്റിയത്.

ബി.ജെ.പിക്കെതിരേ ദേശീയതലത്തിലുള്ള വിശാല മുന്നണിയെന്നനിലയ്ക്ക് പ്രാദേശിക വിഷയങ്ങളില്‍ വിട്ടുവീഴ്ച സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്‍.സി.പി മഹാരാഷ്ട്ര ഘടകത്തിലെ പിളര്‍പ്പും ബി.ജെ.പിയുടെ ഇടപെടലും പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന ധാരണയ്ക്കിടയാക്കിയിട്ടുണ്ട്.ബംഗളൂരുവില്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ മുന്നണിയുടെ ഘടന, പൊതുമിനിമം പരിപാടി, സര്‍ക്കാരിനെതിരായ സംയുക്ത പ്രക്ഷോഭം എന്നിവയാകും ചര്‍ച്ചയാകുക. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്കായി അത്താഴവിരുന്നൊരുക്കിയേക്കും.

sharad-pawar-likely-to-skip-opposition-meet-daughter-supriya-sule-to-attend


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.