2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദിവസവും ചെലവ് 4,000 രൂപ ! ഷാമില്‍ പരീക്ഷയ്‌ക്കെത്തുന്നത് ആംബുലന്‍സില്‍ 140 കിലോമീറ്റര്‍ യാത്ര ചെയ്ത്

എന്‍.സി ഷെരീഫ്

കിഴിശ്ശേരി (മലപ്പുറം): പരീക്ഷ എഴുതാന്‍ ദിവസവും യാത്ര ചെയ്യേണ്ടത് 140 കിലോമീറ്റര്‍ ദൂരം, അതാകട്ടെ ആംബുലന്‍സിലും. 4,000 രൂപയാണ് പത്താംതരത്തിലെ ഒരു ദിവസത്തെ പരീക്ഷ എഴുതാന്‍ യാത്രാ ചെലവ്. മലപ്പുറം ഓമാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് ഷാമിലാണ് വിധിയോട് പോരാടി പരീക്ഷ എഴുതുന്നത്.

വടകര പയ്യോളിയിലെ വീട്ടില്‍ നിന്നാണ് 70 കിലോ മീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്കുള്ള വരവ്. എസ്.എസ്.എല്‍.സി പരീക്ഷയുടെ അഞ്ചുനാള്‍ മുമ്പ് സ്‌കൂളില്‍നിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചതോടെയാണ് ഷാമില്‍ കിടപ്പിലായത്. അപകടത്തില്‍ കാല്‍മുട്ടിന് ക്ഷതമേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയതിനു പിന്നാലെ പരീക്ഷാ ഹാളിലേക്കുള്ള ദീര്‍ഘയാത്രയും തുടങ്ങി. കൊണ്ടോട്ടി നീറാട് പള്ളിയിലെ ദര്‍സ് വിദ്യാര്‍ഥിയാണ് ഷാമില്‍. അപകടം സംഭവിച്ചതോടെ പരീക്ഷ കഴിഞ്ഞ് എന്നും വീട്ടിലേക്ക് മടങ്ങുകയാണ്.

പരുക്ക് കാരണം പരസഹായമില്ലാതെ എണീറ്റിരിക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണിപ്പോള്‍. കിടന്ന് മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ പരീക്ഷാ ഹാളിലെത്താന്‍ ആംബുലന്‍സ് തന്നെ വേണം. പുലര്‍ച്ചെ ആറിന് പിതാവ് അബ്ദുല്‍ ലത്തീഫിനൊപ്പം ആംബുലന്‍സില്‍ സ്‌കൂളിലേക്ക് പുറപ്പെടും. പിന്നീട് രണ്ടര മണിക്കൂര്‍ യാത്ര. സ്‌കൂളിന്റെ വരാന്തയോട് ചേര്‍ന്ന് നിര്‍ത്തുന്ന ആംബുലന്‍സിലേക്ക് ചോദ്യപേപ്പര്‍ എത്തും. പരീക്ഷ എഴുതാന്‍ തയാറായി ഉത്തരക്കടലാസുമായി സുഹൃത്ത് ആംബുലന്‍സിന് അരികില്‍ ഇരിക്കും. ഓരോ ചോദ്യങ്ങളും വായിച്ച് ഷാമില്‍ ഉത്തരങ്ങള്‍ പറയും. ഇത് കേട്ട് സുഹൃത്ത് പകര്‍ത്തിയെഴുതും.

ശാരീരിക വേദനകള്‍ക്കിടയിലും സ്‌കൂള്‍ അധികൃതരുടെ പൂര്‍ണ പിന്തുണയാണ് ആശ്വാസം നല്‍കുന്നതെന്ന് ഷാമില്‍ പറഞ്ഞു. 10 വര്‍ഷം മുമ്പ് മാതാവ് മരിച്ചതോടെ പിതാവാണ് അവന്റെ തണല്‍. അബ്ദുല്‍ ലത്തീഫ് കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. വാടക വീട്ടിലെ പരാതീനധകള്‍ നിറഞ്ഞ ജീവിതത്തിനിടയിലും മകന് ദിവസവും പരീക്ഷാ ഹാളിലെത്താന്‍ ഭീമമായ തുക യാത്രക്കൂലിക്കായി വരുന്നുണ്ട്. പരീക്ഷ പൂര്‍ത്തിയാകുമ്പോഴേക്കും 40,000 രൂപയോളം ചെലവ് വരും. സ്‌കൂള്‍ അധ്യാപകരുടെ സഹായം ലഭ്യമായെങ്കിലും ഇതു തികയില്ല. മകന്റെ പരീക്ഷ മുടങ്ങാതിരിക്കാന്‍ പ്രയാസപ്പെടുകയാണ് പിതാവ്. അബ്ദുല്‍ ലത്തീഫിന്റെ ഫോണ്‍ നമ്പര്‍: 99473 83434.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.