കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി. പിടികിട്ടാപ്പുള്ളിയെന്ന് പൊലിസ് ഹൈക്കോടതിയെ അറിയിച്ച ആര്‍ഷോ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തെന്നും കത്തിലുണ്ട്. പൊലിസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്.എഫ്.ഐ സമ്മേളത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.എം ആര്‍ഷോയെ പെരിന്തല്‍മണ്ണയില്‍ നടന്ന 34 ാംസംസ്ഥാന സമ്മേളനമാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഒന്നും രണ്ടും മൂന്നും കേസുകളിലല്ല പുതിയ പ്രസിഡന്റ് പ്രതിയായിട്ടുള്ളത്. 33 ക്രിമിനല്‍ കേസുകളിലാണ്. ഇതില്‍ 30 എണ്ണവും എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍ഷോ കെ.എസ്.യു നേതാവിനെ വീട്ടില്‍ കയറി അക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. ആര്‍ഷോയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലിസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന മറുപടിയാണ് നിരന്തരമായി പൊലിസ് കോടതിയെ അറിയിച്ചത്.
2018ല്‍ എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആര്‍ഷോയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ജാമ്യം ഫെബ്രുവരിയില്‍ ഹൈക്കോടതി റദ്ദാക്കി. സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയാണ് പി.എം ആര്‍ഷോ.
അതേസമയം സി.പി.എമ്മിന്റേയും എസ്.എഫ്.ഐയുടേയും വേദികളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന ആര്‍ഷോയെ പിടികൂടാന്‍ ഇതുവരെ സാധിച്ചില്ലെന്നാണ് പൊലിസിന്റെ വിചിത്രമായ വിശദീകരണം.
കൊച്ചി പൊലിസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം ആര്‍ഷോ പിടികിട്ടാപ്പുള്ളിയാണ്. ഇതിനിടെയാണ് മലപ്പുറത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം ആര്‍ഷോ പങ്കെടുത്തതും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും.
ഇക്കാര്യം വാര്‍ത്തയായിട്ടും ആര്‍ഷോയെ അറസ്റ്റ് ചെയ്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നു. എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ചെന്ന പരാതിയിലും ആര്‍ഷോ പ്രതിയാണ്.
Comments are closed for this post.