
പൊന്നാനി: മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ മെട്രോ മാന്‍ ഇ. ശ്രീധരനെതിരേ പൊന്നാനി പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയാറാകാതെ പൊന്നാനി പൊലിസ്.
ഹൈക്കോടതി അഭിഭാഷകനായ കൊച്ചി സ്വദേശിഅനൂപാണ് പരാതി നല്‍കിയത്.
ഹിന്ദു, ക്രിസ്ത്യന്‍ യുവതികളെ മുസ്ലിം ചെറുപ്പക്കാര്‍ ആസൂത്രിതമായി ലവ് ജിഹാദ് നടത്തുന്നു, മാംസഭക്ഷണം കഴിക്കുന്നവരോട് വെറുപ്പാണ് എന്നീ പ്രസ്താവനകളിലൂടെ സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്നു എന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.ശ്രീധരനെ നിയമപരമായി നേരിടുമെന്നും പ്രിവിലേജുകളുടെ ബലത്തില്‍ ചോദ്യം ചെയ്യപ്പെടാതെ വിലസാമെന്ന് ശ്രീധരന് കരുതേണ്ടതില്ലന്നും പരാതിക്കാരന് പ്രതികരിച്ചു. പരാതി കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് പൊലിസ് നിലപാട്. ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷമാണ് ഇ. ശ്രീധരന് വിവാദ പ്രസ്താവന നടത്തിയത്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാത്ത പൊലിസ് നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്.