അംബാസഡറുടെ ആശംസ
ദുബായ്: 77-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം യുഎഇയില്‍ നയതന്ത്ര കാര്യാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായി ഒരുക്കുന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഓഗസ്റ്റ് 15ന് രാവിലെ ദേശീയ പതാക ഉയര്‍ത്തലും മറ്റു ഔദ്യോഗിക ചടങ്ങുകളും നടക്കും. തുടര്‍ന്ന്, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. യുഎഇയിലെ ഇന്ത്യന്‍ സമൂഹം ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.
സ്വാതന്ത്ര്യ ദിനാഘോഷം പ്രമാണിച്ച് എല്ലാ ഇന്ത്യക്കാര്‍ക്കും അംബാസഡര്‍ സഞ്ജയ് സുധീര്‍ ആശംസ നേര്‍ന്നു. ഇന്ത്യയും യുഎഇയും തമ്മില്‍ ശക്തമായ ബന്ധമാണുളളതെന്നും, മൂല്യങ്ങളും സഹകരണവും ഇരു രാജ്യങ്ങളും പങ്കു വെക്കുന്നുവെന്നും, ആഗോള തലത്തില്‍ സുപ്രധാനമായ സംഭവങ്ങള്‍ വരാനിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
35 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. അവരെല്ലാം യുഎഇയെ രണ്ടാം വീടായി കാണുന്നു. സ്വദേശി സമൂഹം എക്കാലവും ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, എല്ലാ സാഹചര്യങ്ങളിലും അവര്‍ ശക്തമായി ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ എമിറേറ്റുകളില്‍ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഭാരത സര്‍ക്കാറിനും ഇന്ത്യന്‍ ജനതയ്ക്കും വേണ്ടി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ക്ക് സഞ്ജയ് സുധീര്‍ ആശംസ അറിയിച്ചു.
ഈ വര്‍ഷാവസാനം ഏറ്റവും പ്രധാനപ്പെട്ട ആഗോള പരിപാടികളിലൊന്നായ ‘കോപ് 28’ന് (കാലാവസ്ഥാ വ്യതിയാന ഉച്ചകോടി) ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന യുഎഇക്ക് പ്രത്യേക അഭിനന്ദനവും വിജയാശംസയും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധമായി ജി20 ലീഡേഴ്‌സ് സമ്മിറ്റ് സെപ്തംബര്‍ 9നും 10നും നടക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദാണ് യുഎഇയെ നയിക്കുകയെന്നും അദ്ദേഹം പ്രത്യാശിച്ചു.
Comments are closed for this post.