2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മോദി സര്‍ക്കാര്‍ കശ്മിരിലേക്കയച്ച യൂറോപ്യന്‍ എം.പിമാര്‍ തീവ്രവലതുപക്ഷ- ഇസ്‌ലാംവിരുദ്ധര്‍; എം.പിമാരുടെ സംഘം ബി.ജെ.പി സ്‌പോണ്‍സേര്‍ഡെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജമ്മുകശ്മിരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം വിലയിരുത്താന്‍ എന്ന പേരില്‍ ഇന്ന് കശ്മിര്‍ സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്ററി സംഘം ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് കൂട്ടായ്മയെന്ന് ആരോപണം. കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെയും മനുഷ്യാവകാശ നിഷേധങ്ങളുടെയും പേരില്‍ യു.എന്നില്‍ നിന്നും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനമേറ്റു വാങ്ങിയ സാഹചര്യത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തീവ്രവലതുപക്ഷ നിലപാട് പിന്തുടരുന്ന എം.പിമാരെ തെരഞ്ഞെടുപിടിച്ചു കശ്മിരിലേക്കു ക്ഷണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കടുത്ത ഇസ്‌ലാംവിരുദ്ധ നിലപാടുകളുടെ പേരില്‍ വിവാദത്തിലായവരും സംഘത്തിലുണ്ട്.

ഇന്നലെ ഡല്‍ഹിയിലെത്തിയ 27 അംഗ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കശ്മിരിലെത്തുന്നത്. സംഘത്തിന് ഇന്നലെ ദോവല്‍ ഡല്‍ഹിയില്‍ വച്ച് വിരുന്നും നല്‍കുകയുണ്ടായി. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് എം.പിമാരെത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്‌ചെയ്തു. എന്നാല്‍, തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘമല്ല ഇതെന്നാണ് സന്ദര്‍ശനത്തോട് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രതികരണം. സ്വകാര്യ സന്ദര്‍ശനമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും അഭിപ്രായപ്പെട്ടു.

കുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന തീവ്രവലതുപക്ഷക്കാരാണ് കശ്മിര്‍ സന്ദര്‍ശനത്തിനെത്തുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട്‌ചെയ്തു. ഇറ്റലിയിലെ ലെഗ നോര്‍ദ്, ഫ്രാന്‍സിലെ റസ്സംബ്ലിമെന്റ് നാഷനല്‍, ജര്‍മനിയിലെ ആള്‍ട്ടര്‍നേറ്റിവ് എന്നിവയുടെ അംഗങ്ങളാണ് കശ്മിര്‍ സന്ദര്‍ശനത്തിനെത്തിയത്. തീവ്ര കുടിയേറ്റവിരുദ്ധതയും ഇസ്‌ലാംഭീതിയുമാണ് ഈ സംഘടനകള്‍ തമ്മിലുള്ള ഐക്യമെന്നും ദി പ്രിന്റ് റിപ്പോര്‍ട്ട്‌ചെയ്തു.

ജര്‍മനിയില്‍ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചുവരുന്ന ആള്‍ട്ടര്‍നേറ്റിവ് ഓഫ് ജര്‍മന്‍ നേതാവ് ആലിസ് വെയ്ദലും സംഘത്തിലുണ്ട്. പത്തുലക്ഷത്തിലേറെ കുടിയേറ്റക്കാരാണ് ജര്‍മനിയിലുള്ളതെന്നും ഇക്കാരണത്താല്‍ ക്രിമിനലുകളുടെ സുരക്ഷിതവാസസ്ഥലമായി രാജ്യം മാറിയെന്നും മുസ്‌ലിം അറബ് വംശജരാണിവരെല്ലാവരുമെന്നുമുള്ള ആലിസിന്റെ പ്രസ്താവന വിവാദമായിരുന്നു. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഒക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ കഴിഞ്ഞവര്‍ഷം ഇവരുടെ പരിപാടിക്കെതിരെ പ്രതിഷേധം ഉയരുകയുണ്ടായി.

കശ്മിരി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും സംസ്ഥാനത്തിനു പുറത്തുള്ള നേതാക്കളെ കശ്മിര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ വിദേശ എം.പിമാരെ നേരിട്ട് കശ്മിരിലേക്കു ക്ഷണിച്ച നടപടിയെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ വിമര്‍ശിച്ചിട്ടുണ്ട്. കശ്മിരി സ്വദേശിയായ ഗുലാംനബി ആസാദ് കുടുംബത്തെ കാണാനായി ശ്രീനഗറിലെത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ തടഞ്ഞ് ഡല്‍ഹിയിലേക്കു തന്നെ മടക്കി അയക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കളെയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് തടഞ്ഞ് മടക്കി അയച്ചത് വിവാദമായിരുന്നു.

വിദേശികളെ ജമ്മുകശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നെഞ്ചളവില്‍ ചാംപ്യനായ പ്രധാനമന്ത്രി ഇന്ത്യന്‍ നേതാക്കള്‍ക്ക് കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നില്ല. എന്നാല്‍ യൂറോപ്യന്‍ പ്രതിനിധി സംഘത്തിന് കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ നേതാക്കളോടുള്ള ഈ അവഗണനയും ഇരട്ടത്താപ്പും ഇന്ത്യന്‍ പാര്‍ലമെന്റിനെയും നമ്മുടെ ജനാധിപത്യത്തെയും അവഹേളിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് കശ്മിര്‍ സന്ദര്‍ശിക്കാന്‍ സുപ്രിംകോടതിയുടെ വാതില്‍മുട്ടേണ്ട അവസ്ഥയുള്ളപ്പോഴാണ് യൂറോപ്യന്‍ എം.പിമാര്‍ നാളെ കശ്മിര്‍ സന്ദര്‍ശിക്കുന്നതെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് ജൈവീര്‍ ഷെര്‍ജില്‍ പറഞ്ഞു.

Several European parliamentarians visiting Kashmir are from Right-wing, anti-Islam parties
Delegation of 28 MEPs is set to visit Srinagar Tuesday, where it will visit Dal Lake, meet govt officials & security forces. It may also visit Anantnag.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.