
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി.
ലോക്സഭയിലേക്ക് വിജയിച്ച അമിത്ഷായും സ്മൃതി ഇറാനിയും രാജിവച്ച ഒഴിവുകളിലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചത്.
എന്നാല്‍, രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇരു സീറ്റുകളിലും ബി.ജെ.പിക്ക് വിജയിക്കാനുള്ള സാധ്യതയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കി കൊടുക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്്വി ആരോപിച്ചു. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാനാകും. ഇതില്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രണ്ട് സീറ്റുകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയെ സമീപിച്ചത്.
ജൂലൈ അഞ്ചിന് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പര്ഷേഭായ് ധനാനിയാണ് കോടതിയെ സമീപിച്ചത്.
അമിത് ഷാ മത്സരിച്ച ഗുജറാത്ത് ഗാന്ധിനഗറിലെ തെരഞ്ഞെടുപ്പ് ഫലം മെയ് 23നും സ്മൃതി ഇറാനിയുടെ അമേത്തിയിലെ ഫലം 24നുമാണ് പ്രഖ്യാപിച്ചത്. അതിനാല്‍ അമിത്ഷായുടെ സീറ്റിന്റെ ഒഴിവ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് സ്മൃതിയുടേയും ഒഴിവ് പ്രഖ്യാപിച്ചതെന്ന സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് വെവ്വേറെ നടത്താന്‍ തീരുമാനിച്ചത്.
Comments are closed for this post.