ചെന്നൈ: അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജൂലൈ 26 വരെയാണ് റിമാന്‍ഡ് നീട്ടിയത്. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്.
അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം തുടരും. കേസ് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.അറസ്റ്റ് നിയമവിധേയമാണെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. സെന്തിലിന്റെ അഭിഭാഷകന്റെ വാദം വെള്ളിയാഴ്ച കേള്‍ക്കും.
കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട പത്തുസ്ഥലങ്ങളില്‍ ചൊവ്വാഴ്ചയും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. കരൂരില്‍ സെന്തില്‍ ബാലാജിയുമായും സഹോദരന്‍ അശോക് കുമാറുമായും അടുപ്പമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും മേയ്, ജൂണ്‍ മാസങ്ങളില്‍ നടന്ന ആദായനികുതി റെയ്ഡിന്റെ തുടര്‍ച്ചയായിരുന്നു ചൊവ്വാഴ്ചത്തെ റെയ്ഡ്.
മേയ് 27 മുതല്‍ ജൂണ്‍ രണ്ടുവരെ നാല്‍പ്പതിടത്ത് റെയ്ഡ് നടന്നിരുന്നു. ബാലാജിയുടെ അറസ്റ്റിനുശേഷം ജൂണ്‍ 22ന് വീണ്ടും റെയ്ഡ് നടന്നു. റെയ്ഡിലെ കണ്ടെത്തലുകള്‍ ആദായനികുതിവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Comments are closed for this post.