2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അക്കൗണ്ടില്‍ നിന്നും പണം പോവുകയും ചെയ്തു അയച്ച ആള്‍ക്ക് കിട്ടിയതുമില്ല, യു.പി.ഐ പണി തന്നാല്‍ എന്തുചെയ്യും?

രാജ്യത്തെ പണമിടപാടു രീതികളെ ആകെ മാറ്റിമറിച്ച ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ. പണം കൈയ്യില്‍ കൊണ്ടു നടക്കാതെ സ്മാര്‍ട്‌ഫോണും ബാങ്ക് അക്കൗണ്ടില്‍ പണവുമുണ്ടെങ്കില്‍ ഏത് നിമിഷത്തിലും അത്യാവശ്യം പണമിടപാടുകള്‍ നടത്താന്‍ യു.പി.ഐ സംവിധാനം ഏറെ സഹായകരമാണ്. സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, പണം മറ്റൊരാള്‍ക്ക് അയച്ചുനല്‍കാനും യു.പി.ഐ ഇടപാടുകള്‍ ഏറെ സഹായകരമാണ്.

ഗൂഗിള്‍പേ, ഫോണ്‍പേ, പേടി.എം, ആമസോണ്‍ പേ എന്നിവയെല്ലാം ജനകീയ യു.പി.ഐ ആപ്പുകളാണ്. എന്നാല്‍ ഇടയ്‌ക്കെല്ലാം ഇത്തരം ആപ്പുകള്‍ നമുക്ക് പണിതരാറുണ്ട്.

യു.പി.ഐ വഴി പണം കൈമാറുമ്പോള്‍ പരാജയപ്പെട്ടാല്‍ എന്ത് ചെയ്യും.? ഇതിനെക്കുറിച്ച് അറിയാത്തവരാണ് നമ്മളില്‍ കൂടുതല്‍ പേരും. പണം സ്വീകരിക്കുന്നയാളിന് കിട്ടാതെവരികയും അയച്ചവരുടെ അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റാകുകയും ചെയ്യുമ്പോള്‍ ആ പണം തിരികെ ലഭിക്കാന്‍ വഴിയുണ്ട്. എന്തൊക്കെയാണ് ആ വഴികളെന്ന് നോക്കാം..

   

പണം കൈമാറുമ്പോള്‍ പലപ്പോഴും ഇത് പ്രോസസിങ് എന്ന ഒരു സ്റ്റാറ്റസിലേക്ക് വരാറുണ്ട്. പണം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആവുകയും അയച്ച ആളുകള്‍ക്ക് കിട്ടാതെ വരുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നമ്മള്‍ ആദ്യം ചെയ്യാറുള്ളത് ഗൂഗിളില്‍ പേയ്‌മെന്റ് ആപ്പിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തില്‍ നമ്മള്‍ ബന്ധപ്പെടുന്നത് ഫെയ്ക്ക് ആയിട്ടുള്ള നമ്പറിലേക്കാവാന്‍ സാധ്യത കൂടുതലാണ്.

നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. ഇത്തരത്തില്‍ പണം പ്രോസസിങ് സ്റ്റാറ്റസിലേക്ക് മാറുമ്പോള്‍ മൂന്നുമുതല്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ കാത്തിരിക്കുക എന്നതാണ്. ഇതിനിടയില്‍ തന്നെ നമ്മള്‍ പണം അയച്ച ആള്‍ക്ക് പണം ക്രെഡിറ്റാവാനാണ് 60 ശതമാനം സാധ്യത. അല്ലെങ്കില്‍ നമ്മുടെ അക്കൗണ്ടിലേക്ക് തന്നെ തിരികെ വരും. ഇങ്ങനെ വന്നിട്ടില്ലെങ്കില്‍ നിങ്ങളുടെ പേയ്‌മെന്റ് ആപ്പില്‍ തന്നെ കംപ്ലെയിന്റ് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഇനി ഇതിലൂടെയും നമ്മുടെ പണം തിരികെ ലഭിച്ചില്ലെങ്കില്‍ എന്താണ് വഴിയെന്ന് നോക്കാം.

എന്‍.പി.സി.പി പോര്‍ട്ടലില്‍ പരാതി നല്‍കാം

  • യു.പി.ഐ ആപ്പുകളിലൂടെ കസ്റ്റമര്‍ സേവനം സഹായം നല്‍കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്‍.പി.സി.ഐ പോര്‍ട്ടലില്‍ പരാതി നല്‍കാം.
  • എന്‍.പി.സി.ഐ ഔദ്യോഗിക വെബ്‌സൈറ്റ് npci.org.in- സന്ദര്‍ശിക്കുക
  • ‘What we do’ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് യുപിഐയില്‍ ‘ dispute redressal mechanitsm ക്ലിക്ക് ചെയ്യുക.
  • തുറന്നുവരുന്ന ടാബില്‍ യുപിഐ ഇടപാട് ഐഡി, വെര്‍ച്വല്‍ പേയ്‌മെന്റ് വിലാസം, കൈമാറ്റം ചെയ്ത തുക, ഇടപാട് തീയതി, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ നിങ്ങളുടെ എല്ലാ ഇടപാട് വിശദാംശങ്ങളും നല്‍കുക.
  • പരാതിയുടെ കാരണമായി ‘Incorrectly transferred to another account’ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ പരാതി സമര്‍പ്പിക്കുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.