2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിദേശ ഉംറ തീർത്ഥാടകർക്ക് സ്വന്തം വീടുകളിൽ വെച്ച് ബയോമെട്രിക്സ് രജിസ്റ്റർ ചെയ്യാം, ആദ്യ ഘട്ടത്തിൽ ഇന്ത്യ ഇല്ല

റിയാദ്: ഉംറ തീർത്ഥാടകർക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ ബയോമെട്രിക്സ് സ്വയം രജിസ്റ്റർ ചെയ്യുന്ന സംവിധാനത്തിനു തുടക്കമായി. കുവൈത്തിലാണ് ആദ്യമായി ഈ സംവിധാനം പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അഞ്ച് രാജ്യങ്ങളിൽ ഹജ്ജ്, ഉംറ തീർഥാടകരുടെ ബയോമെട്രിക്സ് സ്വയം രജിസ്ട്രേഷന്റെ ആദ്യ ഘട്ടം മന്ത്രാലയം നടപ്പാക്കുമെന്ന് കോൺസുലർ കാര്യങ്ങളുടെ വിദേശകാര്യ ഉപ മന്ത്രി അംബാസഡർ തമീം അൽ ദോസരി പറഞ്ഞു. കുവൈതിന് പിന്നാലെ ഉടൻ തന്നെ ടുണീഷ്യ, മലേഷ്യ, യുണൈറ്റഡ് കിംഗ്ഡം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ആദ്യ ഘട്ടത്തിൽ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഉംറ വിസകൾ ഇലക്ട്രോണിക് ആയി ലഭിക്കാൻ അവരുടെ എംബസികളിലോ മറ്റു കേന്ദ്രങ്ങളിലോ ബയോമെട്രിക്സ് രജിസ്റ്റർ ചെയ്യുന്നതിന് പോകേണ്ടതില്ല. സ്മാർട്ട് ഫോണുകളിൽ നിശ്ചിത ആപ്പ് വഴി അവരുടെ ബയോമെട്രിക്സ് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയും തുടർന്ന് ഉംറ വിസയ്ക്ക് ഇലക്ട്രോണിക് ആയി അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യാം. ബയോമെട്രിക്സിൽ വിരലടയാളങ്ങൾക്ക് പുറമെ കണ്ണുകളും മുഖവും മറ്റ് സുപ്രധാന സവിശേഷതകളും ഉൾപ്പെടുന്നുവെന്ന് അൽ ദോസരി പറഞ്ഞു. ഈ ആപ്പിലൂടെ ഉംറ വിസയ്ക്ക് പുറമേ എല്ലാത്തരം വിസകൾക്കും ബയോമെട്രിക്സ് സ്വയം രജിസ്റ്റർ ചെയ്യാനും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്മാർട്ട് ഫോണുകളിലൂടെ ഹജ്ജ്, ഉംറ തീർത്ഥാടകരുടെ ബയോമെട്രിക്സ് സ്വയം രജിസ്റ്റർ ചെയ്യുന്നതിനുള്ള പദ്ധതി ഒക്ടോബർ 6 നാണ് വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ തുടക്കം കുറിച്ചത്. ബയോമെട്രിക്സ് രജിസ്റ്റർ ചെയ്യാൻ വിസ നൽകുന്ന കേന്ദ്രങ്ങളെ സമീപിക്കാതെ ഹജ്ജ്, ഉംറ വിസകൾ അതത് രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി നൽകുന്നതിന് ഇത് തീർത്ഥാടകരെ പ്രാപ്തരാക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു.

പുതിയ സംവിധാനം ആരംഭിച്ചതോടെ, ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിനായി സ്മാർട്ട് ഫോണുകൾ വഴി ബയോമെട്രിക്സ് രജിസ്റ്റർ ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യമായി സഊദി അറേബ്യ മാറി. രാജ്യത്തിലെ കര, കടൽ വിമാനത്താവള പ്രവേശന കവാടങ്ങളിൽ തീർത്ഥാടകർ എത്തുന്ന സമയത്ത് ബയോമെട്രിക്സ് വെരിഫൈ ചെയ്യും. സഊദി കമ്പനി ഫോർ വിസ ആൻഡ് ട്രാവൽ സൊല്യൂഷൻസ് മുഖേനയാണ് ബയോമെട്രിക്സ് സേവനത്തിന്റെ സ്വയം രജിസ്ട്രേഷൻ നടപ്പാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.