തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി സുപ്രിം കോടതിയില്‍ നല്‍കാമെന്ന് ഇ.ഡി. കേസ് കേരളത്തിന് പുറത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ട്രാന്‍സ്ഫര്‍ ഹരജിയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയ്ക്കെതിരായ സ്വപ്നയുടെ മൊഴി കോടതി ആവശ്യപ്പെട്ടാല്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാമെന്നും ഇ.ഡി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍, ഭാര്യ കമല വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയ ഇടപാടില്‍ പങ്കുണ്ടെന്നാണ് രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഈകേസുള്ളത്. സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയിലേക്ക് കടക്കുന്നതിനിടെയാണ് ഇഡിയുടെ നീക്കം. ഡല്‍ഹിയില്‍ നടന്ന ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇ.ഡി സുപ്രിം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
കേസ് കര്‍ണാടകയിലെ കോടതിയിലേക്ക് മാറ്റണമെന്നാണ് ഇ.ഡി സുപ്രിം കോടതിയില്‍ നല്‍കിയ ഹരജിയിലെ ആവശ്യം. കൊച്ചി സോണ്‍ അസിസ്റ്റന്‍ഡ് ഡയറക്ടറാണ് ഹരജി നല്‍കിയത്. കേരളത്തില്‍ സുതാര്യമായ വിചാരണ നടക്കില്ലെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ട്രാന്‍സ്ഫര്‍ ഹരജിയില്‍ പറയുന്നു. കേസിലെ പ്രതിയായ സന്ദീപ് നായരെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സ്വാധീനിച്ചതായും ഇ.ഡി പറയുന്നു.
Comments are closed for this post.