2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സീറ്റുകള്‍ കുത്തിക്കീറി വാരിക്കൂട്ടിയിട്ട ശേഷം തീവെച്ചു; കണ്ണൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ തെളിവെടുപ്പ്

സീറ്റുകള്‍ കുത്തിക്കീറി വാരിക്കൂട്ടിയിട്ട ശേഷം തീവെച്ചു; കണ്ണൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ പ്രതിയെയും കൂട്ടി തെളിവെടുപ്പ്

സീറ്റുകള്‍ കുത്തിക്കീറി വാരിക്കൂട്ടിയിട്ട ശേഷം തീവെച്ചു; കണ്ണൂരില്‍ ട്രെയിനിന് തീവെച്ച കേസില്‍ തെളിവെടുപ്പ്

 

കണ്ണൂര്‍: കണ്ണൂരില്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീവെച്ച കേസില്‍ പ്രതിയെയും കൂട്ടി തെളിവെടുപ്പ്. പ്രതിയായ കൊല്‍ക്കത്ത 24 ഫര്‍ഗാന സ്വദേശി പ്രസോണ്‍ജിത്ത് സിക്തറുമായാണ് പോലീസ് ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് തെളിവെടുപ്പ് നടത്തിയത്. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച പ്രതിയുമായി കോച്ചുകളിലും സ്‌റ്റേഷന്‍ പരിസരത്തുമാണ് തെളിവെടുപ്പ് നടന്നത്.

കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാര്‍, ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പി.എം ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു പ്രസോണ്‍ജിത്ത്. കഴിഞ്ഞദിവസം റിമാന്‍ഡിലുളള പ്രതിയെ പോലിസ് തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കിയിരുന്നു.

കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രധാന സാക്ഷിയായ ബി.പി.സി.എല്‍ ജീവനക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ്. ഭിക്ഷാടനത്തെ പോലിസും യാത്രക്കാരും എതിര്‍ത്ത വൈരാഗ്യവും കൈയ്യില്‍ പണമില്ലാത്തതിന്റെ നിരാശയിലുമാണ് ട്രെയിനിന് തീവെച്ചതെന്നു ഇയാള്‍ പോലിസിന് മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ തീവ്രവാദബന്ധമില്ലെന്ന് നേരത്തെ പോലിസ് വ്യക്തമാക്കിയിരുന്നു. തലശേരിയില്‍നിന്നു നടന്നുവന്ന പ്രസോണ്‍ജിത്ത് കണ്ണൂരിലെത്തി മൂന്നു ദിവസം തങ്ങിയ ശേഷം ഭിക്ഷാടനത്തിന് ഒരുങ്ങുകയായിരുന്നു. എന്നാല്‍ ഇതിനനുവദിക്കാത്തതിന്റെ വൈരാഗ്യത്തില്‍ കോച്ചിന്റെ ചില്ല് കല്ലുകൊണ്ടു തകര്‍ത്തു. ശേഷം അകത്തുകയറി സീറ്റുകള്‍ വലിച്ചു കുത്തിക്കീറി തീവെച്ചുവെന്നുമാണ് കേസ്.

തീവച്ചതെങ്ങനെയെന്ന കാര്യം പോലിസിനോട് കോച്ചില്‍ കയറിയ ശേഷം ഇയാള്‍ വിശദീകരിച്ചു. തീപ്പെട്ടി ഉരച്ചാണ് തീവെച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. സീറ്റുകള്‍ കുത്തിക്കീറി വാരിക്കൂട്ടിയിട്ട ശേഷം തീവെക്കുകയായിരുന്നുവെന്നാണ് മൊഴി. തീ ആളപ്പടരുന്നതിനു മുമ്പേ റെയില്‍വേ ട്രാക്കിലൂടെ ഇറങ്ങിയോടിയതായും ഇയാള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.