വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയയില്‍; രണ്ട് ഡോക്ടര്‍മാര്‍ കുറ്റക്കാരെന്ന് പൊലിസ്
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയിലാണെന്നും പൊലിസ് കണ്ടെത്തി. കോഴിക്കോട് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് ഡി.എം.ഒയ്ക്ക് കൈമാറിയ പൊലിസ് തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് പ്രകാരം ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയയിലാണ്. 2017 ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ച് നടത്തിയ എം.ആര്‍.ഐ സ്‌കാനിങ്ങിനിടെ വയറ്റില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാം പ്രസവത്തിനിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്ത മാസത്തോടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് റിപ്പോര്‍ട്ടില്‍ വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
12 സെന്റീമീറ്റര്‍ നീളവും 6 സെന്റീമീറ്റര്‍ വീതിയുമുള്ള കത്രികയാണ് ഹര്‍ഷിനയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ കണ്ടെത്തിയത്. മൂത്ര സഞ്ചിയില്‍ കുത്തി നിന്ന കത്രികയുമായി അഞ്ച് വര്‍ഷത്തോളമാണ് ഇവര്‍ വേദന തിന്ന് കഴിഞ്ഞത്. പല ചികിത്സകളും ചെയ്ത് നോക്കിയെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ സി.ടി. സ്‌കാനിങ്ങിനെയാണ് മൂത്ര സഞ്ചിയില്‍ കുടുങ്ങി കിടന്ന നിലയില്‍ കത്രിക കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയായിരുന്നു.
Comments are closed for this post.