2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രതിരോധത്തിന് ഇനി ഐ.എന്‍.എസ് കരഞ്ചും

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നാവികസേനയുടെ സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനി ‘ഐ.എന്‍.എസ് കരഞ്ച്’ കമീഷന്‍ ചെയ്തു. മുംബൈ മാസഗോണ്‍ കപ്പല്‍ നിര്‍മാണശാലയില്‍ നടന്ന ചടങ്ങില്‍ നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, മുന്‍ നാവികസേന മേധാവി വി.എസ് ഷെഖാവത്ത് അടക്കമുള്ളവര്‍ പങ്കെടുത്തു.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി തദ്ദേശവല്‍ക്കരണത്തിനും പ്രതിരോധ സ്വാശ്രയത്വത്തിനും നാവികസേന നിലകൊള്ളുകയാണെന്ന് മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് വ്യക്തമാക്കി. നിലവില്‍ 42 കപ്പലുകളും അന്തര്‍വാഹിനികളും ഉണ്ടെന്നും 40 എണ്ണം രാജ്യത്തെ കപ്പല്‍ശാലകളില്‍ നിര്‍മാണത്തിലാണെന്നും കരംബീര്‍ സിങ് ചൂണ്ടിക്കാട്ടി.

ഫ്രഞ്ച് കമ്പനി ഡി.സി.എന്‍.എസുമായി 2005ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം നിര്‍മിക്കുന്ന ആറ് കാല്‍വരി ക്ലാസ് അന്തര്‍വാഹിനികളില്‍ മൂന്നാമത്തേത് ആണ് ‘ഐ.എന്‍.എസ് കരഞ്ച്’. സമുദ്രോപരിതലത്തിലും അന്തര്‍ ഭാഗത്തും ഒരു പോലെ ആക്രമണം നടത്താമെന്നതാണ് സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനിയുടെ സവിശേഷത.

അന്തര്‍വാഹിനിയുടെ കടലിലെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് അന്തര്‍വാഹിനികളെ തകര്‍ക്കാനും മൈനുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും സാധിക്കും. 220 അടി നീളവും 40 അടി ഉയരവുമുള്ള അന്തര്‍വാഹിനിക്ക് സമുദ്രോപരിതലത്തില്‍ 11 നോട്ടിക്കല്‍ മൈല്‍ വേഗതയിലും കടലിനടിയില്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗതയിലും സഞ്ചരിക്കാം.

2017 ഡിസംബറില്‍ ഐ.എന്‍.എസ് കാല്‍വരിയും 2019 സെപ്റ്റംബറില്‍ ഐ.എന്‍.എസ് ഖണ്ഡേരിയും കമീഷന്‍ ചെയ്തിരുന്നു. നാല്, അഞ്ച് അന്തര്‍വാഹിനികളായ ഐ.എന്‍.എസ് വേല, ഐ.എന്‍.എസ് വാഗ്മീര്‍ എന്നിവ കടലിലെ പരീക്ഷണത്തിലും ആറാമത്തേതായ ഐ.എന്‍.എസ് വഗ്ഷീര്‍ നിര്‍മാണഘട്ടത്തിലുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.