2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷിയെന്ന് പഠനം

   

ജോഹന്നസ്ബര്‍ഗ്: ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. രാജ്യത്തെ ആരോഗ്യ സംവിധാനമുപയോഗിച്ച് ശേഖരിച്ച ഒമിക്രോണ്‍ സാമ്പിളുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ പഠനം നടത്തിയത്.

പഠനം മെഡിക്കല്‍ പ്രിപ്രിന്റ് സര്‍വറില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ വിദഗ്ധരുടെ മേല്‍നോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല.

ദക്ഷിണാഫ്രിക്കയില്‍ നവംബര്‍ 27 വരെയുണ്ടായ 28 ലക്ഷം കൊവിഡ് ബാധിതരില്‍ 35670 പേര്‍ക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോര്‍ട്ട് ചെയ്ത വ്യക്തികളില്‍ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ എപിഡെമോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്യുന്നു.

ഒമിക്രോണ്‍ കേസുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞന്‍ അന്നെ വോന്‍ ഗോട്ടര്‍ബര്‍ഗ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, നിലവിലുള്ള കോവിഡ് വാക്‌സിനുകള്‍ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കുള്ള ആകാശ യാത്രകള്‍ മിക്ക രാഷ്ട്രങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. യാത്രാ നിരോധനം പുനഃപരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയടക്കം 24 ലേറെ രാഷ്ട്രങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.