2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാത്തിരിപ്പിന് വിരാമം; ടെലിഗ്രാമില്‍ ഇനി ഗ്രൂപ്പ് വീഡിയോ കാളും ഒപ്പം സ്‌ക്രീന്‍ ഷെയറിങ്ങും

ഒടുവില്‍ ടെലിഗ്രാം അവതരിപ്പിക്കുന്നു ഗ്രൂപ്പ് വീഡിയോ കാള്‍. പുതുതായി ചേര്‍ത്ത വിഡിയോ കോളില്‍ 30 പേര്‍ക്കുവരെ ഒരേസമയം പങ്കെടുക്കാം. അധികം വൈകാതെ തന്നെ ഈ പരിധി വര്‍ധിപ്പിക്കുമെന്നും ടെലിഗ്രാം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെസ്സേജിങ് ആപ്പ് വിഭാഗത്തില്‍ മത്സര രംഗത്തുള്ള വാട്‌സ്ആപ്പിനും സിഗ്‌നലിനും വെല്ലുവിളിവുന്നതാണ് ടെലിഗ്രാമിന്റെ പുതിയ കിടിലന്‍ ഫീച്ചറുകളായ ഗ്രൂപ്പ് വിഡിയോ കാളും സ്‌ക്രീന്‍ ഷെയറിങ്ങും. വാട്സ്ആപ്പില്‍ നിലവില്‍ പരമാവധി എട്ടുപേര്‍ക്കു മാത്രമേ വിഡിയോ കോളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

സ്‌ക്രീന്‍ ഷെയറിങ് ആണ് ശ്രദ്ധേയമായ മറ്റൊരു ഫീച്ചര്‍. വെബ് ബ്രൗസറുകളും വിഡിയോ പ്ലേയറുകളും പോലെ ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനുകളും ഇനിമുതല്‍ ടെലിഗ്രാമിലൂടെ സ്‌ക്രീന്‍ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇതോടൊപ്പം ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകള്‍, മെസേജ് ആനിമേഷനുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ മാറ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് മെസേജ് ആപ്പുകളില്‍ ഇത്തരത്തിലൊരു ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നത് എന്നതും പ്രത്യേകതയാണ്. അതേസമയം, ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകള്‍ ഫോണിലെ ബാറ്ററി ചാര്‍ജ് തീര്‍ക്കുമെന്ന ഭീതി വേണ്ടെന്നും ടെലിഗ്രാം വ്യക്തമാക്കുന്നു.

ടെലിഗ്രാമിലൂടെ കോള്‍ ചെയ്യുമ്പോഴും ശബ്ദ സന്ദേശങ്ങളയക്കുമ്പോഴും പശ്ചാത്തലത്തിലെ ബഹളങ്ങളും ശബ്ദങ്ങളും കുറക്കുന്ന സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഈ സംവിധാനത്തിലൂടെ ഉപയോക്താവിന്റെ ശബ്ദം അപ്പുറത്തുള്ളയാള്‍ക്ക് വ്യക്തമായും കേള്‍ക്കാന്‍ സാധിക്കും.

ആപ്പ് സെറ്റിങ്സില്‍ പോയി ഈ സംവിധാനം ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമാകും. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്, ഡെസ്‌ക്ടോപ്പ് എന്നീ ടെലിഗ്രാം പതിപ്പുകളിലെല്ലാം പുതിയ ഫീച്ചറുകള്‍ ലഭ്യമായേക്കും.

കഴിഞ്ഞ ഏപ്രിലിലാണ് ഗ്രൂപ്പ് വീഡിയോ കോള്‍ കൊണ്ടു വരുന്ന കാര്യം പ്രഖ്യാപിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.